

പാലക്കാട്: ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സമ്മേളനത്തിൽ സിപിഐഎം നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് കാരണം സിപിഐഎം നേതൃത്വമാണെന്ന് ഡിവൈഎഫ്ഐ തുറന്നടിച്ചു. പിണറായി വിജയൻ്റെ പല പരാമർശങ്ങളും തോൽവിക്ക് കാരണമായി. എം.വി. ഗോവിന്ദൻ്റെ പല തീരുമാനങ്ങളും പാർട്ടിക്ക് വിനയായി.
തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിയുടെ ഉത്തരവാദിത്തത്തിൽ നിന്ന് നേതൃത്വത്തിന് ഒഴിഞ്ഞുമാറാനാകില്ല. തോൽവിയുടെ ഉത്തരവാദിത്തം സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾക്കും താഴെത്തട്ടിലുള്ള ഓരോ പ്രവർത്തകനും ഒരുപോലെയാണെന്നും ഡിവൈഎഫ്ഐ പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
പിണറായി വിജയനും, എം.വി. ഗോവിന്ദനും എതിരെ രൂക്ഷ വിമർശനമാണ് യോഗത്തിൽ ഉയർന്നത്. ബന്ധുക്കളെ സ്ഥാനാർഥികളാക്കുന്ന പ്രവണത ഒഴിവാക്കണം. യുഡിഎഫ് യുവാക്കൾക്ക് പ്രാതിനിധ്യം നൽകിയപ്പോൾ എൽഡിഎഫിൽ അതുണ്ടായില്ല.
മത്സരിക്കാൻ യുവാക്കൾ ഉണ്ടായിട്ടും പരിഗണിച്ചില്ല. പല മണ്ഡലങ്ങളിലെയും സ്ഥാനാർഥി നിർണയം പാളി. സഹകരണ നിയമനത്തിലും സർക്കാർ ഉത്തരവുകളിൽ വീഴ്ച ഉണ്ടായി. ഡിവൈഎഫ്ഐയെ സിപിഐഎം ബി ടീമാക്കിയെന്നും ജില്ലാ സമ്മേളനത്തിൽ നേതാക്കൾ ആഞ്ഞടിച്ചു.
മട്ടന്നൂരിൽ വി.കെ. സനോജിന് ഭൂരിപക്ഷം കുറഞ്ഞത് നേതൃത്വം പരിശോധിക്കണം. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു ഡിവൈഎഫ്ഐയെ കൈപ്പിടിയിലൊതുക്കുന്നുവെന്നും യോഗത്തിൽ അംഗങ്ങൾ ആരോപിച്ചു. സംഘടനയെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും അംഗങ്ങൾ പറഞ്ഞു.
സിപിഐഎം ജില്ലാകമ്മിറ്റി ഓഫീസിന് നേരെ അക്രമം ഉണ്ടായപ്പോൾ ഡിവൈഎഫ്ഐയെ കുറ്റപ്പെടുത്തിയ ജില്ലാ സെക്രട്ടറിയുടെ നിലപാട് ശരിയായില്ല. പാലക്കാട് ജില്ലയിൽ ഡിവൈഎഫ്ഐ അംഗങ്ങളുടെ എണ്ണം കുറഞ്ഞു. ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം നിർജീവമെന്നും ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സമ്മേളന ചർച്ചയിൽ വിമർശനം ഉയർന്നു.