

തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മകൾ വീണ വിജയൻ്റെയും മൊഴി ഇഡി രേഖപ്പെടുത്തി. തിരുവനന്തപുരത്തെ വീട്ടിൽ ആണ് മൊഴി എടുത്തത്. സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ മകൻ ശരൺ എസ്. കർത്തയേയും ഇഡി ചോദ്യം ചെയ്യുന്നുണ്ട്. സിഎംആർഎൽ ഡയറ്കടർ ബോർഡ് അംഗമാണ് ശരൺ എസ് കർത്ത. പിണറായി വിജയന്റെ കണ്ണൂരിലെയും തിരുവനന്തപുരത്തെ വീട്ടിലും മുഹമ്മദ് റിയാസിന്റെ വീട്ടിലും അടക്കം പത്ത് ഇടങ്ങളിലാണ് കേരളത്തിൽ റെയ്ഡ് നടക്കുന്നത്. ബെംഗളൂരിലും രണ്ടിടങ്ങളിൽ റെയ്ഡ് നടക്കുന്നുണ്ട്. പുലർച്ച 5 45ഓടേയാണ് പിണറായിയുടെ വീട്ടിൽ ഉദ്യോഗസ്ഥരെത്തിയത്.
തിരുവനന്തപുരത്തെ വാടക വീട്ടിൽ പിണറായി വിജയൻ ഉള്ളപ്പോഴാണ് ഇഡി എത്തിയത്. കണ്ണൂരിലെ വീട്ടിലും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നുണ്ട്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ കോഴിക്കോട്ടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. സിഎംആര്‍എല്‍ ഓഫീസുകളിലും റെയ്ഡ് നടക്കുന്നുണ്ട്. മുഹമ്മദ് റിയാസിൻ്റെ വീട്ടിൽ അദ്ദേഹമുണ്ടായിരുന്നില്ല. മാതാപിതാക്കളുടെ മൊഴിയാണ് ഇഡി രേഖപ്പെടുത്തിയത്. കേസില്‍ ഇഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി.
അതേസമയം, കേരളത്തിൽ പത്തിടങ്ങളിലെ പരിശോധന ഇഡി സ്ഥിരീകരിച്ചിട്ടുണ്ട്. കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് കേസുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നും ഇഡി വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ ഇഡി അന്വേഷണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ഹൈക്കോടതി തളളിയത്. പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക് സൊല്യൂഷന്‍സും സിഎംആര്‍എല്ലും തമ്മിലുളള ഇടപാടുകളില്‍ ഇഡി അന്വേഷണം തുടരാമെന്നുമാണ് ഹൈക്കോടതി വിധിച്ചത്.
ഇഡി അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സിഎംആര്‍എല്ലാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ അന്വേഷണത്തില്‍ ഇടപെടാന്‍ കോടതി വിസമ്മതിക്കുകയായിരുന്നു. കമ്പനി ഉദ്യോഗസ്ഥര്‍ ഇഡിക്ക് മുന്നില്‍ ഹാജരാകണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഐടി സേവനങ്ങള്‍ നല്‍കാതെ തന്നെ സിഎംആര്‍എല്‍ കമ്പനി വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിക്ക് 1.72 കോടി രൂപ നല്‍കിയത് എന്തിനാണ് എന്നാണ് പ്രധാനമായും ഇഡി പരിശോധിക്കുന്നത്. ഈ പണം കളളപ്പണം വെളുപ്പിക്കലിന്റെ ഭാഗമാണോ എന്നും രാഷ്ട്രീയ സ്വാധീനം ഇതിന് പിന്നിലുണ്ടോ എന്നും ഇഡി സംശയിക്കുന്നത്.