തൃശൂർ: മേയർ സ്ഥാനത്തിന് കോഴ ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തൽ നടത്തിയ കോൺഗ്രസ് കൗൺസിലർ ലാലി ജെയിംസിന് സസ്പെൻഷൻ. ഡിസിസി പ്രസിഡൻ്റ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കെപിസിസി നടപടി.
താഴെത്തട്ടിൽ നിന്നും പ്രവർത്തിച്ച് വരുന്നവരെ കോൺഗ്രസ് തഴയുന്നുവെന്നും, തൻ്റെ കയ്യിൽ പണമില്ലെന്നും, പണം നൽകി പാർട്ടിയെ സഹായിക്കാൻ കഴിയുന്നവരെയാണോ പരിഗണിക്കുന്നത് എന്ന് അറിയില്ലെന്നും ലാലി ജെയിംസ് പറഞ്ഞിരുന്നു. മേയർ സ്ഥാനത്തെ സംബന്ധിച്ച് നഗരത്തിൽ ഒരു സർവേ നടത്തിയാൽ അതിൽ മുന്നിൽ താനുണ്ടാകും. പാർട്ടിയുടെ നിലപാട്, കേന്ദ്ര ഇടപെടൽ- കേരള ഇടപെടൽ എന്നൊക്കെയാണ് പറയുന്നത്. കെ.സി. വേണുഗോപാലും ദീപ ദാസ് മുൻഷിയുമാണ് ഇതിന് നേതൃത്വം കൊടുത്ത പ്രമുഖർ എന്ന് അറിയാൻ സാധിച്ചു. ദീപാ ദാസ് മുൻഷിക്കോ വേണുഗോപാലിനോ വാർഡുകളെ കുറിച്ചോ പ്രയത്നിച്ചവരെ കുറിച്ചോ, കഷ്ടപ്പെട്ടവരെ കുറിച്ചോ അറിയില്ല. കഷ്ടപ്പെട്ടവരെ കുറിച്ച് അറിയാതെ പോകുന്നത് ദുഃഖകരമാണെന്നും ലാലി ജെയിംസ് ചൂണ്ടിക്കാട്ടിയിരുന്നു.