

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തീയതികളിൽ വോട്ടെടുപ്പ് നടത്താനാകാതെ മാറ്റിവച്ച മൂന്ന് വാർഡുകളിലെ തെരഞ്ഞെടുപ്പ് ജനുവരി 13ന് നടക്കും. നാളെയാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കുക. തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡ്, മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിമ്പാടം വാർഡ്, എറണാകുളം പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ വാർഡ് എന്നിവിടങ്ങളിലാണ് പ്രത്യേക തെരഞ്ഞെടുപ്പ്. സ്ഥാനാർഥികൾ മരിച്ചതിനെ തുടർന്നാണ് ഈ വാർഡുകളിൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചത്. ഡിസംബർ 24 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. ജനുവരി 14നാണ് വോട്ടെണ്ണൽ.
അതേസമയം, തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷൻ, ഉപാധ്യക്ഷൻ തെരഞ്ഞെടുപ്പ് ഡിസംബർ 26, 27 തീയതികളിൽ നടക്കും. നഗരസഭ, കോർപ്പറേഷൻ എന്നിവിടങ്ങളിലെ അധ്യക്ഷ തെരഞ്ഞെടുപ്പ് ഇരുപത്തിയാറിന് നടക്കും. അന്നേ ദിവസം ഉച്ചയ്ക്ക് 2.30ന് ഉപാധ്യക്ഷപദവിയിലേക്കും തെരഞ്ഞെടുപ്പ് നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ അധ്യക്ഷ തെരഞ്ഞെടുപ്പ് 27നാണ് നടക്കുക. അന്ന് ഉച്ചയ്ക്ക് ഉപാധ്യക്ഷ തെരഞ്ഞെടുപ്പും നടക്കും.