സീറോ മലബാർ സഭയിലെ കുർബാന തർക്ക പരിഹാര സർക്കുലർ പുറത്തിറങ്ങി. ജൂൺ അഞ്ചിന് ന്യൂസ് മലയാളം പുറത്തുവിട്ട വാർത്ത ശരിവെക്കുന്നതാണ് സർക്കുലർ. വിമത പക്ഷവും, സീറോ- മലബാർ സഭാ നേതൃത്വവും തമ്മിൽ എഴുതി ഒപ്പിട്ട തീരുമാനങ്ങൾ ഔദ്യോഗിക രേഖയായി. ഫ്രാൻസിസ് മാർപാപ്പയുടെ തീരുമാനങ്ങൾ പ്രത്യേക അധികാരമുപയോഗിച്ച് സീറോ - മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് തിരുത്തി. എന്നാൽ പുതിയ കൂരിയായുടെ കാര്യത്തിൽ തർക്കം തുടരുകയാണ്. തീരുമാനത്തെ സ്വാഗതം ചെയ്ത് വൈദിക സമിതിയും, അൽമായ മുന്നേറ്റവും രംഗത്ത് എത്തിയപ്പോൾ എതിർപ്പ് പരസ്യമാക്കാതെ അതിരൂപത സംരക്ഷണ സമിതിയും, സിനഡ് അനുകൂലികളും.
കുർബാന തർക്ക പരിഹാരമായി ഇന്ന് പുറത്തിറങ്ങിയ സർക്കുലറിലെ തീരുമാനങ്ങൾ ജൂൺ അഞ്ചിന് എക്സ്ക്ലൂസീവായി പുറത്തുവിട്ടതിനായിരുന്നു ന്യൂസ് മലയാളം വാർത്താ സംഘത്തിന് മർദനമേറ്റത്. നിലവിൽ വന്ന കുർബാന തർക്ക പരിഹാര ഫോർമുല ഇതാണെന്ന് മേജർ ആർച്ച്ബിഷപ്പ് റാഫേൽ തട്ടിലും, വികാരി ജനറാൾ ആർച്ച്ബിഷപ്പ് പാംപ്ലാനിയും ഒപ്പിട്ട സർക്കുലർ വ്യക്തമാക്കുന്നു. സർക്കുലർ പ്രകാരം കത്തോലിക്കസഭയുടെ പരമാചാര്യനായിരുന്ന ഫ്രാൻസീസ് മാർപാപ്പയുടെ തീരുമാനത്തെ, സീറോ- മലബാർ സഭയുടെ പരമാധികാരിയെന്ന സ്ഥാനം ഉപയോഗിച്ച് മറികടന്നിരിക്കുകയാണ് മേജർ ആർച്ച്ബിഷപ്പ് റാഫേൽ തട്ടിൽ. സർക്കുലർ പ്രകാരം എറണാകുളം - അങ്കമാലി അതിരൂപതയ്ക്കായി 11 തീരുമാനങ്ങൾ നടപ്പിലാക്കും.
നിലവിലെ അതിരൂപത കൂരിയ ജൂലൈ 3ന് മാറും, അതിരൂപതയിൽ ജനാഭിമുഖ കുർബാന തുടരും, ഞായറാഴ്ച്ചയും, തിരുനാളുകളിലും ഒരു കുർബാന മാത്രം ഏകീകൃത കുർബാന ആയി നടത്തണം, അടുത്ത സിനഡ് തീരുമാനം വരെ ജനാഭിമുഖ കുർബാന സാധുവായിരിക്കും, നവവൈദികർക്കും ജനാഭിമുഖ കുർബാന ചൊല്ലാം, ഇക്കാര്യങ്ങളിൽ മാറ്റം വരുത്തുന്നത് അതിരൂപത കാനോനിക സമിതികളുമായി ആലോചിച്ചതിന് ശേഷം മാത്രം, ഏതു തരം കുർബാന അർപ്പണത്തിനും ബേമ്മ ഉപയോഗിക്കണം, ഏകീകൃത രീതിയിൽ കുർബാന നടക്കുന്ന പള്ളികളിൽ ജനാഭിമുഖ കുർബാന നടപ്പിലാക്കില്ല, വൈദികർക്കെതിരായ അച്ചടക്ക നടപടികൾ അവസാനിപ്പിക്കും, സിവിൽ കോടതികളിൽ സഭാ നേതൃത്വം പുതിയ സത്യവാങ്മൂലം നൽകും. എന്നിവയാണ് ഈ തീരുമാനങ്ങൾ.
അതിരൂപത വൈദിക സമിതിയും, അൽമായ മുന്നേറ്റവും ഈ സർക്കുലറിനെ സ്വാഗതം ചെയ്തു. എന്നാൽ വിമതപക്ഷത്തെ ഇടവക ഭരണത്തിൽ നിന്ന് വിരമിച്ച വൈദികർ നേതൃത്വം നൽകുന്നതും, 1980കൾ മുതൽ ലിറ്റർജിക്കൽ വേരിയെൻറിനായുള്ള സമരം മുന്നോട് കൊണ്ടുപോകുന്ന അതിരൂപത സംരക്ഷണ സമിതിക്ക് ഇക്കാര്യത്തിൽ എതിർപ്പുണ്ട്. സിനഡ് അനുകൂലികളും എതിർപ്പുയർത്തുന്നു. എന്നാൽ പ്രതിരോധം തീരക്കാനുള്ള ശക്തി ഇവർക്കില്ല. അതിനാൽ ഈ സർക്കുലർ നടപ്പാകും എന്നുറപ്പാണ്.
എന്നാൽ സർക്കുലറിനൊപ്പം പുറത്തിറങ്ങും എന്ന് കരുതിയ പുതിയ കൂരിയ അംഗങ്ങളുടെ പ്രഖ്യാപനം ഈ മാസം 28 ലേക്ക് മാറ്റി. സിനഡ് അനുകുലികളിൽ നിന്ന് ആരും പുതിയ കൂരിയായിലേക്ക് ഇല്ലെന്ന് തീരുമാനം വന്നതോടെയാണിത്. സിഞ്ചെല്ലൂസ് സ്ഥാനത്തേക്ക് മാർ. പാംപ്ലാനി നിർദേശിച്ച ഫാ. പോൾ മാടൻ ചുമതല ഏൽക്കില്ലന്ന് അറിയിച്ചു.
പുതിയ ആളെ തീരുമാനിക്കുന്നതിൽ തർക്കം തുടരുകയാണ്. നിലവിലെ കൂരിയ അംഗങ്ങളെ അതിരൂപതയിലെ സ്ഥാപനങ്ങളുടെ ഭരണ ചുമതലയിലേക്ക് മാറ്റും. എന്നാൽ 2021 ൽ പുറത്തിറങ്ങിയതും 2023 ൽ പരിഷ്കരിയ്യതുമായ സർക്കുലറിൽ നിന്ന് ആ സർക്കുലർ ഇറങ്ങിയ സമയത്ത് നിലവിലില്ലാതിരുന്നതും, പുതിയതായി രൂപപ്പെട്ടതുമായ തർക്കങ്ങൾക്ക് പരിഹാരം നിർദേശിക്കുക മാത്രമാണ് സർക്കുലർ ചെയ്യുന്നത്.