എറണാകുളം: സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഗുരുതര സുരക്ഷാ വീഴ്ചയെന്ന് കണ്ടെത്തൽ. പാർക്കിങ് ഏരിയയിലെ അഗ്നിരക്ഷാ ഉപകരണങ്ങൾ പ്രവർത്തിക്കുന്നില്ല. അഗ്നിരക്ഷാസേന നടത്തിയ പരിശോധനയിലാണ് സുരക്ഷാ വീഴ്ച കണ്ടെത്തിയത്.
തൃശൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഏരിയയിലുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു പരിശോധന. പല ഉപകരണങ്ങളും തുരുമ്പെടുത്ത് നശിച്ച നിലയിലാണെന്ന് കണ്ടെത്തി.
തൃശൂരിൽ രണ്ടാം പ്ലാറ്റ്‌ഫോമിനോട് ചേർന്നുള്ള പാർക്കിങ് ഏരിയയിലായിരുന്നു തീ പിടിച്ചത്. അപകടത്തിൽ നൂറുകണക്കിന് ബൈക്കുകൾ കത്തി നശിച്ചു. പാർക്ക് ചെയ്ത ബൈക്കുകളിൽ ഒന്നിന് തീപിടിക്കുകയും, പെട്ടെന്ന് മറ്റുള്ള വാഹനങ്ങളിലേക്ക് പടരുകയുമാണ് ഉണ്ടായത്.
ഫയർഫോഴ്‌സ് എത്തുമ്പോഴെക്കും ബൈക്കുകൾ പൂർണമായും കത്തിനശിച്ചിരുന്നു. പുലർച്ചെ 5.45ഓടെയാണ് തീപിടിത്തം ഉണ്ടായത്. ചായ കുടിച്ചു കൊണ്ടിരിക്കുന്നവരാണ് തീപിടിക്കുന്നത് കണ്ടത്.