

എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥർ എസ്കോർട്ട് പോകണമെന്ന് എക്സൈസ് കമ്മീഷണർ ഉത്തരവ് നൽകിയെന്ന വാർത്ത നിഷേധിച്ച് മന്ത്രി എം.ബി.രാജേഷ്. മന്ത്രിക്ക് എക്സ്കോർട്ട് പോവുകയല്ല എക്സൈസിൻ്റെ ജോലിയെന്ന് തനിക്കറിയാമെന്നും എക്സൈസ് അവരുടെ ജോലി മാത്രമാണ് ചെയ്യേണ്ടതെന്നും എം.ബി.രാജേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.എക്സൈസിൽ അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് എതിരെ കർക്കശ നടപടികൾ വലുപ്പച്ചെറുപ്പമില്ലാതെയും മുഖം നോക്കാതെയും സ്വീകരിച്ചു വരികയാണെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ തെരഞ്ഞെടുപ്പ് കാലത്തും ഇതൊക്കെ ധാരാളം നേരിട്ടിട്ടുള്ളതാണെന്നും മന്ത്രി പോസ്റ്റിലൂടെ അറിയിച്ചു.
പോസ്റ്റിൻ്റെ പൂർണ രൂപം..
മന്ത്രിക്ക് എക്സൈസ് എസ്കോർട്ട് പോകാൻ കമ്മീഷണറുടെ ഉത്തരവ് എന്നതാണ് ഇന്നത്തെ വിവാദവാർത്ത. അതുടൻ കാർഡായി ലക്ഷക്കണക്കിനാളുകളിൽ എത്തി. മന്ത്രി പറഞ്ഞു, കമ്മീഷണർ ഉത്തരവിട്ടു എന്ന് കുറച്ചു പേർ വിശ്വസിച്ചേക്കാം.
മൂന്നര വർഷമായി മന്ത്രിയായിട്ട്. മന്ത്രിക്ക് എസ്കോർട്ട് പോവുകയല്ല എക്സൈസിൻ്റെ ജോലി എന്നതിൽ എനിക്ക് സംശയമില്ല .ഇതുവരെയില്ലാത്ത പുതിയ എസ്കോർട്ടിൻ്റെ ആവശ്യം ഇപ്പോൾ തീരെയില്ല.
വാർത്ത വരുമ്പോൾ ഞാൻ കിലയിൽ മേയർ, മുൻസിപ്പൽ ചെയർപേഴ്സൺ, ജില്ലാ- ബ്ലോക്ക് പ്രസിഡന്റുമാരുടെ ഒരു ഔദ്യോഗിക യോഗത്തിലായിരുന്നു. ആ യോഗം 3 മണിക്കൂർ നീണ്ടു. കമ്മീഷണറുമായി നേരിട്ട് സംസാരിക്കാനായിട്ടില്ല. അദ്ദേഹത്തെ എന്റെ ഓഫീസ് ബന്ധപ്പെട്ട് അങ്ങനെ ഒരു ഉത്തരവ് ഇല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രി ജില്ലയിൽ വരുമ്പോൾ അതാത് ഇടങ്ങളിലെ എൻഫോഴ്സ്മെന്റ് പുരോഗതി നേരിട്ട് ധരിപ്പിക്കണം എന്ന നിർദ്ദേശം മാത്രമാണത്രെ നൽകിയത്.
എക്സൈസിൽ അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് എതിരെ കർക്കശ നടപടികൾ വലുപ്പച്ചെറുപ്പമില്ലാതെയും മുഖം നോക്കാതെയും സ്വീകരിച്ചു വരികയാണ്. അത് ശക്തമായി തുടരും. കുബുദ്ധികൾ വിവാദമുണ്ടാക്കിയതുകൊണ്ടൊന്നും അതിൽ നിന്ന് രക്ഷപ്പെടാനാവില്ല.എക്സൈസ് അവരുടെ ജോലി മാത്രമാണ് ചെയ്യേണ്ടത്.അതു ചെയ്യാത്തവരോടും സേനയുടെ അച്ചടക്കം പാലിക്കാത്തവരോടും വിട്ടുവീഴ്ചയുണ്ടാവില്ല.
ഇനി തെരഞ്ഞെടുപ്പ് കാലമല്ലേ. ഇങ്ങനെ പലതും പ്രതീക്ഷിക്കാം. എല്ലാ തെരഞ്ഞെടുപ്പ് കാലത്തും ഇതൊക്കെ ധാരാളം നേരിട്ടിട്ടുള്ളതാണ്.