

പത്തനംതിട്ട: മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. വൃശ്ചികം ഒന്നായ നാളെ പുലർച്ചെ മൂന്നു മണി മുതലാണ് മണ്ഡലപൂജകൾക്ക് തുടക്കമാകുക.
മേൽശാന്തി ശ്രീകോവിലിൽ വിളക്ക് തെളിയിച്ച ശേഷം പതിനെട്ടാംപടി ഇറങ്ങി ആഴിയിൽ തീപകരും. പിന്നാലെ ഇരുമുടിയുമായി കാത്തുനിൽക്കുന്ന നിയുക്ത ശബരിമല മേൽശാന്തി സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തി എ ദാമോദരൻ നമ്പൂതിരിയെയും പതിനെട്ടാം പാടി കയറ്റും. ദീപാരാധനയ്ക്ക് ശേഷം കലശം കുളിപ്പിച്ച് ശബരിമല മേൽശാന്തിയെ സോപാനത്തിലേക്ക് ആനയിക്കും പിന്നാലെ തന്ത്രി മൂലമന്ത്രം ചൊല്ലി കൊടുക്കും. സമാനമായ ചടങ്ങാണ് മാളികപ്പുറത്തും നടക്കുക. രാത്രി ഹരിവരാസനം പാടി നടയടച്ച ശേഷം നിലവിലെ മേൽശാന്തി മാരായ പ്രസാദ് നമ്പൂതിരി, എം ജി മനു നബൂതിരി എന്നിവർ മലയിറങ്ങും.
നാളെ പുലർച്ചെ പുതിയ മേൽശാന്തിമാരാകും നട തുറക്കുക. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ശേഷം മാത്രമേ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് തീർഥാടകരെ കടത്തിവിടുകയുള്ളൂ. വെർച്വൽ ക്യൂ, സ്‌പോട്ട് ബുക്കിങ് എന്നിവ വഴി ദിവസം 80,000 പേർക്കാണ് ദർശന സൗകര്യം ഒരുക്കുക. കാനനപാത വഴി വരുന്നവർക്കായി എരുമേലിയിലും, പുല്ലുമേട് വഴി എത്തുന്നവർക്കായി സത്രത്തിലും, ട്രെയിൻ മാർഗം എത്തുന്ന തീർഥാടകർക്ക് ചെങ്ങന്നൂരിലും സ്പോട്ട് ബുക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഓരോ ദിവസത്തെയും തീർഥാടകരുടെ തിരക്കും ഹൈക്കോടതി നിർദ്ദേശങ്ങളും അനുസരിച്ച് സ്‌പോട്ട് ബുക്കിങ് പാസുകളുടെ എണ്ണത്തിൽ വ്യത്യാസം ഉണ്ടാകും. ഭക്തർക്കായി 50 ലക്ഷം ടിൻ അരവണ കരുതൽശേഖരമായി ഒരുക്കിയിട്ടുണ്ട്. വിതരണത്തിന് അഞ്ചു കൗണ്ടറുകൾകൂടി തുറക്കും. നീലിമല കയറുന്ന ഭക്തർക്ക് വിശ്രമിക്കാനും വിരിവെക്കാനും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു.