

പത്തനംതിട്ട: എൽഡിഎഫ് ഭരണകാലത്ത് ആരോഗ്യവകുപ്പിനെ കടന്നാക്രമിച്ചതിൽ പരിതപിച്ച മന്ത്രി കെ. മുരളീധരന് മുൻ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മറുപടി. വകുപ്പിലെ പ്രതിസന്ധി സമ്മതിച്ച കെ മുരളീധരന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പോസ്റ്റുമായി മുൻ ആരോഗ്യമന്ത്രി പ്രതികരിച്ചത്.
"വാക്കുകൾക്ക് വിവരിക്കാൻ കഴിയുന്നതിനപ്പുറമാണ് അനുഭവിച്ച വേട്ടയാടലിന്റെ ക്രൂരത. കൃത്യമായ അജണ്ടയോടെയുള്ള ആക്രമണം. പക്ഷെ തളരാൻ കഴിയുമായിരുന്നില്ല. രോഗങ്ങൾക്കും ചികിത്സാരംഗത്തെ ഭരിച്ച ചെലവുകൾക്കും മുന്നിൽ നിസ്സഹായരായി പോയേക്കാവുന്ന ലക്ഷക്കണക്കിന് ആളുകൾക്കായി സർക്കാർ നയങ്ങൾക്കനുസൃതമായി
കഴിയുന്നതിനപ്പുറം കഠിനാധ്വാനം ചെയ്തു." വീണാ ജോർജ് കുറിച്ചു.
കുറിപ്പിൻ്റെ പൂർണരൂപം;
"വ്യക്തിയധിക്ഷേപം,
കായികാക്രമണം,
സൈബർവേട്ട,
കള്ളപ്രചരണങ്ങൾ,
വീട്ടിൽ കയറി റീത്തു വെയ്ക്കൽ,
വീട്ടിൽ ശവപ്പെട്ടി കൊണ്ടുവെയ്ക്കൽ.
വാക്കുകൾക്ക് വിവരിക്കാൻ കഴിയുന്നതിനപ്പുറമാണ് അനുഭവിച്ച വേട്ടയാടലിന്റെ ക്രൂരത.
കൃത്യമായ അജണ്ടയോടെയുള്ള ആക്രമണം.
പക്ഷെ തളരാൻ കഴിയുമായിരുന്നില്ല .
രോഗങ്ങൾക്കും ചികിത്സാരംഗത്തെ ഭരിച്ച ചെലവുകൾക്കും മുന്നിൽ നിസ്സഹായരായി പോയേക്കാവുന്ന ലക്ഷക്കണക്കിന് ആളുകൾക്കായി സർക്കാർ നയങ്ങൾക്കനുസൃതമായി
കഴിയുന്നതിനപ്പുറം കഠിനാധ്വാനം ചെയ്തു.
ഒറ്റവാക്കിൽ തീരുന്നതല്ല ഒന്നും."
എൽഡിഎഫ് ഭരണകാലത്ത് ആരോഗ്യവകുപ്പിനെ കടന്നാക്രമിച്ചതിൽ പരിതപിച്ച് മന്ത്രി കെ.മുരളീധരൻ പ്രതികരിച്ചിരുന്നു. പത്ത് വർഷം സുഖമായി കല്ലെറിഞ്ഞു. തിരിച്ച് കല്ലേറ് കിട്ടുമ്പോഴാണ് കാര്യം മനസിലാകുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.വകുപ്പിൽ ഒരുപാട് പ്രതിസന്ധിയുണ്ടെന്ന് തുറന്നുസമ്മതിച്ചായിരുന്നു കെ.മുരളീധരൻ്റെ പ്രതികരണം.