

തിരുവനന്തപുരം: ആസൂത്രണ ബോർഡിലേക്കുള്ള പരീക്ഷ ക്രമക്കേടിൽ പിഎസ്സി മുൻ ഡെപ്യൂട്ടി സെക്രട്ടറി പി സതീഷ് റിമാൻഡിൽ . കേസിൽ ഒളിവിലുള്ള അഡീഷണൽ സെക്രട്ടറി ആർ. ഹരിക്കായി ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുകയാണ് .
ഇന്നലെയാണ് പരീക്ഷാ ക്രമക്കേടിലെ ആദ്യ അറസ്റ്റ് നടന്നത്. മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് ആണ് അറസ്റ്റിലായതിന് പിന്നാലെ അഡീഷണൽ സെക്രട്ടറി ആർ. ഹരി ഒളിവിൽ പോയിരുന്നു. ഇയാൾ കേരളം വിട്ടതായാണ് സൂചന. പരീക്ഷ വിഭാഗത്തിൻ്റെ ചുമതലയുണ്ടായിരുന്ന സതീഷിനെ കഴിഞ്ഞ ദിവസമാണ് കേസിൽ പ്രതി ചേർത്തത്. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ശേഷമാണ് പ്രത്യേകസംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. വിവാദ പരീക്ഷയുടെ മൂല്യ നിർണയ ചുമതല സതീഷിനായിരുന്നു. കഴിഞ്ഞ വർഷമാണ് സതീഷ് വിരമിച്ചത്.
കോഴിക്കോട് നിന്നാണ് പി. സതീഷിനെ അറസ്‌റ്റ് ചെയ്തത്.സതീഷടക്കം രണ്ട് ഉദ്യോഗസ്ഥരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി കോടതിയിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഇവരുടെ അറസ്റ്റ് നീണ്ടുപോയതിനെ തുടർന്ന് പിഎസ്‌സിക്കും സർക്കാരിനും നേരെ കോടതി വലിയ വിമർശനം ഉന്നയിച്ചിരുന്നു.