വിജിലൻസിലെ ടി സെക്ഷനുകൾ വിവരാവകാശ നിയമപരിധിയിൽ നിന്ന് ഒഴിവാക്കിയ ഉത്തരവിനെതിരെ ആർടിഐ കേരള ഫെഡറേഷൻ ഹൈക്കോടതിയിലേക്ക്

സർക്കാർ ഉത്തരവ് വിവരാവകാശനിയമത്തിന് തുരങ്കം വയ്ക്കുന്നതാണെന്ന് സംസ്ഥാന മുന്‍ വിവരാവകാശ കമ്മീഷണർ ഡോ. എ. അബ്ദുൽ ഹക്കിം പറഞ്ഞു
വിജിലൻസിലെ ടി സെക്ഷനുകൾ വിവരാവകാശ നിയമപരിധിയിൽ നിന്ന് ഒഴിവാക്കിയ ഉത്തരവിനെതിരെ ആർടിഐ കേരള ഫെഡറേഷൻ ഹൈക്കോടതിയിലേക്ക്
Published on: 
Updated on: 

തിരുവനന്തപുരം: വിവരാവകാശ നിയമ പരിധിയിൽ നിന്ന് വിജിലൻസിൻ്റെ T1, T2 സെക്ഷനുകൾ ഒഴിവാക്കിയ സർക്കാർ ഉത്തരവിനെതിരെ ആർടിഐ കേരള ഫെഡറേഷൻ ഹൈക്കോടതിയെ സമീപിക്കും. സർക്കാർ ഉത്തരവ് വിവരാവകാശനിയമത്തിന് തുരങ്കം വയ്ക്കുന്നതാണെന്ന് സംസ്ഥാന മുന്‍ വിവരാവകാശ കമ്മീഷണർ ഡോ. എ. അബ്ദുൽ ഹക്കിം പറഞ്ഞു. നിയമത്തിൽ മാറ്റം വരുത്താൻ പാർലമെൻ്റിനും നിയമസഭയ്ക്കും മാത്രമാണ് അധികാരമുള്ളതെന്നും ഡോ. അബ്ദുൽ ഹക്കീം ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് ‌‌‌വിവരാവകാശ പരിധിയിൽ നിന്ന് ടി-സെക്ഷനെ ഒഴിവാക്കി സർക്കാർ വിജ്ഞാപനമിറക്കിയത്. ഇതോടെ രാഷ്ട്രീയ നേതാക്കൾക്കും ഉന്നത ഉദ്യോഗസ്ഥർക്കും എതിരായ കേസ് രേഖകൾ വിവരാവകാശ നിയമപ്രകാരം ലഭിക്കില്ല. വിവരാവകാശ നിയമം അട്ടിമറിക്കാനുള്ള നീക്കമാണിതെന്നാണ് ഉയരുന്ന ആരോപണം.

മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്കെതിരായ വിജിലൻസിന്റെ പ്രാഥമിക അന്വേഷണം ഉൾപ്പെടെയുള്ള വിവരങ്ങൾ ഇരുമ്പുമറയ്ക്ക് ഉള്ളിലാക്കുന്നതാണ് സർക്കാരിൻ്റെ പുതിയ വിജ്ഞാപനം. 2025 വിവരാവകാശ നിയമത്തിലെ 24 (4) സെക്ഷൻ പ്രകാരമാണ് സർക്കാർ വിജ്ഞാപനം ഇറക്കിയത്. ഇതോടെ വിജിലൻസിലെ ടി ഒന്ന്, ടി രണ്ട് എന്നീ സെക്ഷനുകളിലെ വിവരങ്ങൾ രഹസ്യ സ്വഭാവത്തിലുള്ളതായി മാറും. വിവരാവകാശ പ്രകാരം അപേക്ഷിച്ചാലും വിവരങ്ങൾ ഇനി ലഭ്യമാകില്ല.

വിജിലൻസിലെ ടി സെക്ഷനുകൾ വിവരാവകാശ നിയമപരിധിയിൽ നിന്ന് ഒഴിവാക്കിയ ഉത്തരവിനെതിരെ ആർടിഐ കേരള ഫെഡറേഷൻ ഹൈക്കോടതിയിലേക്ക്
"ഇനി എല്ലാം രഹസ്യം"; മന്ത്രിമാർക്കും ഉന്നത ഉദ്യോസ്ഥർക്കുമെതിരായ വിജിലൻസ് അന്വേഷണ വിവരങ്ങൾ രഹസ്യമാക്കി സർക്കാർ

എന്നാൽ 2022 വരെ ഉണ്ടായിരുന്ന ക്രമീകരണം പുന:സ്ഥാപിക്കുക മാത്രമാണ് ചെയ്തതെന്നാണ് വിജിലൻസിൻ്റെ വിശദീകരണം. മാത്രമല്ല കോടതികളിൽ ഫയൽ എത്തിയാലോ, ടി സെക്ഷനിൽ നിന്ന് ഒഴിവാക്കിയാലോ വിവരാവകാശ പ്രകാരം ഇവ ലഭിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. എന്നാൽ കോടതികളിൽ എത്താത്ത അഴിമതി ആരോപണങ്ങൾ, പ്രാഥമിക അന്വേഷണ വിവരങ്ങൾ എന്നിവ ഇരുമ്പ് മറയ്ക്കുള്ളിൽ ആകുമെന്നാണ് വിവരാവകാശ പ്രവർത്തകർ വ്യക്തമാക്കുന്നത്.

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര സംബന്ധിച്ച വിവരങ്ങൾ ന്യൂസ് മലയാളത്തിന് ലഭിക്കാത്തത് ഇതിന് ഉദാഹരണം. രഹസ്യ സ്വഭാവമുള്ളതിനാൽ വിവരങ്ങൾ നൽകാൻ കഴിയില്ല എന്നായിരുന്നു പൊലീസ് ആസ്ഥാനത്തുനിന്ന് ലഭിച്ച മറുപടി. സമാനമായ ചട്ടമാണ് വിജിലൻസിലും ഇപ്പോൾ നടപ്പിലാക്കുന്നത്. യുപിഎ സർക്കാർ രാജ്യത്ത് നടപ്പിലാക്കിയ നിയമത്തെ കോൺഗ്രസ് സർക്കാർ തന്നെ അട്ടിമറിക്കുന്നു എന്നാണ് രാഷ്ട്രീയമായി ഉയരുന്ന ആക്ഷേപം.

News Malayalam 24x7
newsmalayalam.com