
നായ, പൂച്ച, ലൗബേർഡ്സ്, അലങ്കാര മത്സ്യങ്ങൾ തുടങ്ങി മലയാളികളുടെ അരുമ മൃഗങ്ങളുടെ ലിസ്റ്റൊക്കെ പഴഞ്ചനായി. ഗിനിപ്പന്നി, വെള്ള എലി, ഇഗ്വാന, കുഞ്ഞൻ കുരങ്ങുകൾ, കോൺ സ്നേക്ക് എന്നിവയൊക്കെയാണ് ഇപ്പോൾ ഓമന മൃഗങ്ങളിലെ ട്രെൻഡുകൾ. ഇന്ത്യയിൽ അനുവദനീയമല്ലാത്ത എക്സോട്ടിക് ജീവികളെ കൂടി വളർത്താൻ ഇഷ്ടപ്പെടുന്നവരുടെ എണ്ണവും കൂടുകയാണ്. സാഹചര്യം മുതലെടുത്ത് എക്സോട്ടിക് ജീവികളുടെ കള്ളക്കടത്തും വ്യാപകമാകുന്നുണ്ട്. ഇതിനു പിന്നിൽ വമ്പൻ മാഫിയകളുമുണ്ടെന്നാണ് വിവരം.
കേരളത്തിലെ പെറ്റ് കൾച്ചർ മാറ്റത്തിന് പിന്നാലെ എക്സോട്ടിക് ജീവികളുടെ കടത്ത് വ്യാപകമാകുന്നതായാണ് റിപ്പോർട്ട്. വിദേശത്ത് നിന്ന് അനധികൃതമായി ജീവികളെ എത്തിച്ച് വൻ വിലയ്ക്ക് വിൽക്കുന്നതാണ് രീതി. അന്തർദേശീയ മൃഗക്കടത്ത് മാഫിയയുടെ ഭാഗമായ ദമ്പതികൾ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായത് ഈയിടെയാണ്.
രാജ്യത്ത് നിയമം മൂലം നിരോധിച്ചിട്ടുള്ളതും വന്യജീവി വിഭാഗത്തിൽ പെടുന്നതുമായ ജീവികളെ കേരളത്തിലേക്ക് കടത്തുന്നതിനിടെ ആണ് കസ്റ്റംസിന്റെ പിടിവീണത്. അപൂർവ ഇനം കുരങ്ങന്‍മാരെയും പക്ഷിയെയും ബാങ്കോക്കിൽ നിന്ന് ബാഗിലാക്കി എത്തിച്ച പത്തനംതിട്ട സ്വദേശികളായ ജോബ്സൺ ജോയിയും ആര്യമോളുമാണ് പിടിയിലായത്.
പതിവായി വിദേശത്ത് നിന്ന് മൃഗങ്ങളെ എത്തിച്ച് കേരളത്തിൽ വിൽപ്പന നടത്തുന്നവരാണ് ദമ്പതികളെന്ന് കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നു. തായ്ലൻഡിലെ ഫുക്കറ്റിൽ നിന്നാണ് ഇവർ മൃഗങ്ങളെ വാങ്ങിയിരുന്നത്. കോമൺ മർമോസെറ്റ് ഇനത്തിൽപ്പെട്ട മൂന്ന് കുരങ്ങുകളെയും വൈറ്റ് ലിപ്ഡ് ടാമരിൻ ഇനത്തിൽപ്പെട്ട രണ്ട് കുരങ്ങുകളേയും ഹയസിന്ത് മക്കാവോ പക്ഷിയേയുമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.
കുരങ്ങുകളെ ഒന്നിന് 5 ലക്ഷം രൂപ എന്ന നിരക്കിലാണ് വിൽക്കാൻ തീരുമാനിച്ചിരുന്നതെന്നാണ് ദമ്പതികളുടെ മൊഴി. ഹയസിന്ത് മക്കാവോ പക്ഷിക്കും വൻ വിലയുണ്ടെന്ന് പ്രതികൾ മൊഴി നൽകി. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മൃഗക്കടത്ത് മാഫിയയെ കുറിച്ച് കസ്റ്റംസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. അറസ്റ്റിലായവരെ കേരള വൈൽഡ് ലൈഫ് കൺട്രോൾ ബ്യൂറോയ്ക്ക് കൈമാറി.
സാധാരണയായി ഒരു നാട്ടിൽ വളർത്താത്തതും വിദേശബന്ധം ഉള്ളതുമായ ജീവികൾ. മറ്റൊരു കാലാവസ്ഥയിൽ നിന്ന് എത്തുന്നതിനാൽ പരിപാലനത്തിന് കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ഓരോ രാജ്യത്തിന്റെയും സ്വഭാവമനുസരിച്ച് എക്സോട്ടിക് പെറ്റുകളുടെ വിഭാഗം മാറും. നിയമപരമായ കാര്യങ്ങൾ കൂടി പഠിച്ച് വേണം എക്സോട്ടിക് പെറ്റുകളുടെ കൈമാറ്റം നടത്താൻ.
അഞ്ച് വിഭാഗമായാണ് എക്സോട്ടിക് സ്പീഷീസുകളെ തരംതിരിച്ചിരിക്കുന്നത്. എക്സോട്ടിക് ബേർഡ്, എക്സോട്ടിക് പ്ലാന്റ്സ്, എക്സോട്ടിക് അനിമൽ, എക്സോട്ടിക് ഫിഷ്, എക്സോട്ടിക് റെപ്റ്റൈൽസ്.
എക്സോട്ടിക് പെറ്റുകളെ വളർത്തുന്നതിന് ഇന്ത്യയിൽ പ്രധാനമായും മൂന്ന് ലൈസൻസുകൾ വേണം. ബ്രീഡേഴ്‌സ് ലൈസെൻസ്, എക്സ്പോർട്ട് & ഇംപോർട്ട് ലൈസെൻസ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്.