

ഇടുക്കി: ദേശീയപാത 85ന്റെ നിർമാണ പ്രവർത്തനങ്ങളിൽ അശാസ്ത്രീയ മണ്ണെടുപ്പ് ഉണ്ടായെന്ന വിലയിരുത്തലിൽ വിദഗ്ധ സംഘം. അടിമാലിയിൽ ഉണ്ടായ അപകടത്തിന് കാരണം മണ്ണെടുപ്പാണെന്നാണ് നിഗമനം. പ്രാഥമിക റിപ്പോർട്ട് വിദഗ്ധ സംഘം നാളെ ജില്ലാ കളക്ടർക്ക് കൈമാറും. റിപ്പോർട്ട് ദേശീയപാത അതോറിറ്റിക്ക് എതിരാണെങ്കിൽ സ്വാഭാവികമായും നിയമ നടപടികൾ ഉണ്ടാകും. കരാറുകാരും മറുപടി പറയേണ്ടിവരും.
ദേശീയപാത അതോറിറ്റിയുടെ നിർമാണ പ്രവർത്തനങ്ങളിൽ അപാകത ഉണ്ടായോ എന്നാണ് റവന്യൂ മൈനിങ് ആൻഡ് ജിയോളജി, സോയിൽ കോൺസെർവഷൻ വിഭാഗങ്ങൾ പരിശോധിച്ചത്. റോഡ് നിർമാണത്തിന് പലയിടങ്ങളിലും മണ്ണെടുത്തതിൽ അശാസ്ത്രീയത ഉണ്ടെന്ന വിലയിരുത്തലിലാണ് സംഘം. ദേശീയപാത 85 കടന്നുപോകുന്ന നേര്യമംഗലം മുതൽ ഉള്ള സ്ഥലങ്ങളിലായിരുന്നു പരിശോധന. ദേവികുളം തഹസിൽദാറിനായിരുന്നു ഏകോപന ചുമതല. പൂർണമായ റിപ്പോർട്ട് അഞ്ച് ദിവസത്തിനകം കൈമാറുമെന്നും തഹസീൽദാർ പറഞ്ഞു.
നഷ്ടപ്പെട്ട വീടിനും സ്ഥലത്തിനും പകരം പുതിയ വീടും സ്ഥലവും വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. എട്ട് കുടുംബങ്ങളെ കല്ലാർകുട്ടിയിലെ കെഎസിഇബി ക്വാർട്ടേഴ്സിലേക്ക് മാറ്റുമെന്ന് അറിയിച്ചെങ്കിലും ഇപ്പോഴും അടിമാലി സർക്കാർ സ്കൂളിൽ തുടരുകയാണ്. മറ്റു 32 കുടുംബങ്ങളും സ്കൂളിലെ ക്യാമ്പിലാണ്. മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശത്ത് വീണ്ടും മണ്ണിടിയാനുള്ള സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്.