വയനാട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വയനാട് സിപിഐഎമ്മിൽ പൊട്ടിത്തെറി. മൂന്നര പതിറ്റാണ്ടിൻ്റെ പാർട്ടി ബന്ധം ഉപേക്ഷിക്കാൻ മുതിർന്ന നേതാവ് എ.വി. ജയൻ. സിപിഐഎമ്മിൽ തുടരാൻ കഴിയാത്ത സാഹചര്യമാണ്. ശശീന്ദ്രൻ - റഫീഖ് പക്ഷത്തെ വിമർശിക്കുന്നതിനാൽ തന്നെ വേട്ടയാടുന്നുവെന്നും എ.വി. ജയൻ പറഞ്ഞു. സംഘടനാ സംവിധാനത്തിൽ നിന്ന് വിട്ടുനിൽക്കുമെന്നും പഞ്ചായത്തംഗം എന്ന നിലയിൽ തുടരുമെന്നും എ.വി. ജയൻ പറഞ്ഞു.
"35 കൊല്ലം പാർട്ടിക്ക് വേണ്ടി പൂർണമായി സമർപ്പിച്ചു. പാർട്ടിയിൽ ഭീഷണിയുടെ സ്വരത്തിൽ തീരുമാനമെടുക്കുന്നു. എന്നെ വേട്ടയാടാൻ ചിലർ വിവരങ്ങൾ കോൺഗ്രസ് നേതാക്കൾക്ക് ചോർത്തി നൽകി. ഗഗാറിനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് അട്ടിമറിച്ചതിന് പിന്നാലെ പാർട്ടിയിൽ അസ്വസ്ഥത തുടങ്ങി. ആസൂത്രിതമായ അട്ടിമറികൾ സിപിഐഎമ്മിന് ഗുണം ചെയ്യില്ല," എ.വി. ജയൻ പറഞ്ഞു.