

മലപ്പുറം: പതിനേഴുകാരിയെ വൃക്കരോഗിയാക്കിയ ഫെയർനെസ് ക്രീം എഫ് ട്യൂണിന് വിലാസം ഇല്ല. വിലാസം കിട്ടാത്തതിനാൽ എഫ് ട്യൂൺ നിർമാതാവ് എന്ന് മാത്രം ആണ് എഫ്ഐആറിൽ പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. പൊലീസിന്റെ പക്കൽ ആകെയുള്ളത് പെൺകുട്ടി നൽകിയ കസ്റ്റമർകെയർ നമ്പറുകൾ മാത്രം.
ഫെയർനെസ് ക്രീം പൊലീസ് ഇന്ന് വിശദ പരിശോധനയ്ക്ക് അയയ്ക്കും. തൃശൂരിലെ റീജിയണൽ കെമിക്കൽ ലാബിലാണ് പരിശോധന. പരിശോധന റിപ്പോർട്ടിൽ മെർക്കുറിയുടെ അളവ് അനുവദനീയമായതിലും കൂടുതലാണെങ്കിൽ സ്ഥാപനത്തിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും.
അതേസമയം വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കളുടെ വിപണനത്തിന് എതിരെ ആരോഗ്യവകുപ്പ് നടപടി ശക്തമാക്കി. ഡ്രഗ്സ് കൺട്രോളറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്ന് ആരോഗ്യവകുപ്പ് പ്രത്യേക സമിതിയെ രൂപീകരിച്ചേക്കും. വ്യാജ ഓൺലൈൻ വിപണനം തടയാനുള്ള പ്രവർത്തനങ്ങളും ആരോഗ്യവകുപ്പ് ഊർജിതമാക്കിയിട്ടുണ്ട്.
എല്ലാ ജില്ലകളിലും ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി വ്യാപക പരിശോധന ഉണ്ടാകും. ഇത്തരം വസ്തുക്കൾ വിളിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കും തുടങ്ങിയവയാണ് പ്രധാന നിർദ്ദേശങ്ങൾ. വ്യാജനോ ഒറിജിനലോ എന്നറിയാതെ പരസ്യം ചെയ്യുന്ന വ്ലോഗർമാർക്കും പിടിവീഴും. സൗന്ദര്യവർധക വസ്തുക്കൾ പോലെ ഗുളികകൾ, ഓയിൽമെൻ്റ്, തൈലം. പ്രോട്ടീൻ പൗഡർ തുടങ്ങിയവയുട വിപണനത്തിലേക്കും വരും ദിവസങ്ങളിൽ അന്വേഷണം പോകാനാണ് സാധ്യത.