

മലപ്പുറം: തിരൂരങ്ങാടി നഗരസഭയിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് തട്ടിപ്പിന് പിന്നില്‍ വന്‍ മാഫിയാ സംഘമെന്ന് സൂചന. ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിച്ച് പാസ്‌പോർട്ടും ആധാറും തരപ്പെടുത്താനുള്ള മാഫിയയാണ് പിന്നിലെന്നാണ് പ്രാഥമിക വിവരം .
സർക്കാർ സംവിധാനമായ കെ-സ്മാർട്ട് സോഫ്റ്റ്‌വെയറിലെ വിവരങ്ങളിൽ കൃത്രിമം കാണിച്ച് യഥാർത്ഥ ഉടമകളുടെ രജിസ്ട്രേഷൻ നമ്പറുകൾ വ്യാജന്മാർക്ക് മറിച്ചുനൽകിയതിൻ്റെ രേഖകൾ ന്യൂസ് മലയാളത്തിന് ലഭിച്ചു. സ്വന്തം മക്കളുടെ ജനന സർട്ടിഫിക്കറ്റിനായി എത്തിയ സാധാരണക്കാർക്ക് ലഭിച്ചത് മറ്റുള്ളവരുടെ പേരുള്ള വ്യാജ രേഖകളാണ്.
ഉദ്യോഗസ്ഥരും ഇടനിലക്കാരും ജനപ്രതിനിധികളും ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കുന്നു. കഴിഞ്ഞ 15 വർഷത്തിനിടെ വിതരണം ചെയ്ത നാല് ലക്ഷത്തോളം സർട്ടിഫിക്കറ്റുകളിൽ വിശദപരിശോധന നടത്താനാണ് നീക്കം. ഇക്കാര്യം ഡയറക്ടറേറ്റിൽ നിന്നുള്ള പ്രത്യേക സംഘം അന്വേഷിക്കുമെന്നാണ് വിവരം. സോഫ്റ്റ്‌വെയറിൽ കൃത്രിമം നടന്നിട്ടുണ്ടോ എന്നും സംഘം വിശദമായി പരിശോധിക്കും.