
വ്യാജ ബലാത്സംഗക്കേസുകളിൽ ഇരയാകുന്നവർ കുറ്റവിമുക്തരായാലും ഒരിക്കലും കഴുകിക്കളയാനാകാത്ത വിധം അതിൻ്റെ കറ ജീവിതത്തിലുടനീളമുണ്ടാകുമെന്ന് ഹൈക്കോടതി. ആരോപണത്തിൻ്റെ കളങ്കം ജീവിതാവസാനം വരെ ബാധിക്കും. പരസ്പര സമ്മതപ്രകാരമുള്ള ശാരീരിക ബന്ധത്തിന് ശേഷം ബലാത്സംഗ ആരോപണം ഉന്നയിക്കുന്ന കേസുകളിൽ മാറിയ സാഹചര്യങ്ങളും കോടതികൾ കണക്കിലെടുക്കണമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി.
ബലാത്സംഗക്കേസിൽ പ്രതിയായ മലപ്പുറം സ്വദേശിക്ക് മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം. ഉഭയസമ്മത പ്രകാരം ലൈംഗിക ബന്ധത്തിലേർപ്പെട്ട ശേഷം ബലാത്സംഗ ആരോപണം ഉന്നയിക്കുന്ന കേസുകളിൽ കോടതികൾ ജാഗ്രത കാണിക്കണമെന്ന് കോടതി നിർദേശിച്ചു. ഇത്തരം കേസുകളിൽ സാഹചര്യങ്ങൾ പരിശോധിക്കാതെ ജാമ്യ ഹർജിയിൽ തീരുമാനമെടുക്കുന്നത് ആരോപണത്തിന് ഇരയാകുന്നവരുടെ വ്യക്തിത്വത്തെ നശിപ്പിക്കും. ഇത് നീതി നിഷേധമാണെന്നും കോടതി വ്യക്തമാക്കി.
സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട തിരുവനന്തപുരം സ്വദേശിനിയായ മെഡിക്കൽ കോളജ് വിദ്യാർഥിനി നൽകിയ പരാതിയിലാണ് ഹർജിക്കാരൻ പ്രതിയായത്. വിവാഹിതയായ ഇവർ ഭർത്താവുമായി അകന്ന് കഴിയുകയായിരുന്നു. യുവതി കഴിഞ്ഞ നവംബർ മൂന്നിന് ട്രെയിനിൽ കോഴിക്കോട് എത്തി. ഹർജിക്കാരനോടൊപ്പം പോകുമ്പോൾ താമരശേരിയിലും തിരൂരിലും വെച്ച് ഹോട്ടൽ മുറിയിൽ വെച്ച് ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതി.
ബന്ധം ഉഭയസമ്മത പ്രകാരമായിരുന്നുവെന്ന് പരാതിക്കാരിയുടെ മൊഴിയിൽ തന്നെ വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് 50,000 രൂപയുടെ ബോണ്ടും തുല്യ തുകയുടെ രണ്ട് ആള് ജാമ്യവുമടക്കം വ്യവസ്ഥകളോടെ മുൻകൂർ ജാമ്യം അനുവദിച്ചു.