പാലക്കാട് കുഴൽമന്ദം സ്വദേശി മനോജ് കുമാർ ജീവനൊടുക്കിയ സംഭവത്തിൽ ഭാര്യക്കെതിരെ ആരോപണവുമായി കുടുംബം. മനോജ് കുമാറിന്റെ ആത്മഹത്യകുറിപ്പിൽ ഭാര്യ ചിത്രയുടെയും സുഹൃത്തിന്റെയും പേര് കണ്ടെത്തി. ഭാര്യ മനോജ് കുമാറിനെ നിരന്തരം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നതായും കുടുംബം ആരോപിച്ചു.
തിങ്കളാഴ്ച വൈകീട്ടാണ് മനോജ് കുമാർ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന മനോജ് ഇന്നലെ രാത്രിയോടെ മരിക്കുകയായിരുന്നു. കുഴൽമന്ദം മഹാത്മാഗാന്ധി സർവീസ് സഹകരണ സംഘത്തിലാണ് മനോജിൻ്റെ ഭാര്യ ജോലി ചെയ്തിരുന്നത്. ഭാര്യ ചിത്രയ്ക്ക് വിജീഷ് സഹദേവൻ എന്ന ആളുമായുള്ള ബന്ധമാണ് മരണത്തിന് കാരണമെന്നാണ് കുടുംബം പറയുന്നത്.
ചിത്രയും മനോജും തമ്മിൽ വിവാഹമോചനത്തിനായി കേസ് നടക്കുകയാണ്. ജീവനാംശം ഉൾപ്പെടെ പണം ആവശ്യപ്പെട്ട് ചിത്ര മനോജ് കുമാറിനെ ഭീഷണിപ്പെടുത്തിയതായും കുടുംബം ആരോപിച്ചു. അതേസമയം പണം ചോദിച്ച് ഭീഷണിപ്പെടുത്തിയില്ലെന്ന് ഭാര്യയുടെ സുഹൃത്ത് വിജീഷ് പറഞ്ഞു.