

വയനാട്: പുല്‍പ്പള്ളിയില്‍ കടുവാ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാരന്റെ പോസ്റ്റുമോര്‍ട്ട നടപടികളോട് സഹകരിക്കുമെന്ന് കുടുംബം. എഡിഎമ്മുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ബന്ധുക്കളുടെ പ്രതിഷേധത്തെ തുടര്‍ന്നു പോസ്റ്റുമോര്‍ട്ടം നടപടികള്‍ വൈകിയിരുന്നു. രണ്ടു ദിവസത്തിനകം കളക്ടര്‍ വീട്ടില്‍ എത്തുമെന്നും ധനസഹായം അടിയന്തരമായി നൽകുമെന്നും ഉറപ്പു ലഭിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
ഏറെ അനിശ്ചിതത്വത്തിന് ഒടുവിലാണ് പുല്‍പ്പള്ളി ദേവര്‍ഗദ്ധയിലെ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാരന്റെ പോസ്റ്റുമോര്‍ട്ട നടപടികളോട് കുടുബം സഹകരിക്കുമെന്ന് സമ്മതിച്ചത്. പ്രഖ്യാപിച്ച ധനസഹായത്തിന്റെ ആദ്യ ഗഡു കൈമാറിയില്ലെന്നും കളക്ടര്‍ സന്ദര്‍ശിച്ചില്ലെന്നുമാണ് കുടുംബത്തിന്റെ പ്രതിഷേധത്തിന് കാരണം.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി തിരക്കിലായതിനാലാണ് ജില്ലാ കളക്ടര്‍ക്ക് ഉള്‍പ്പടെ സംഭവ സ്ഥലത്ത് എത്താന്‍ സാധിക്കാതിരിന്നതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ മാനദണ്ഡപ്രകാരമുള്ള എല്ലാ നടപടികളും വനം വകുപ്പ് സ്വീകരിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.
എഡിഎമ്മും പൊലീസും നടത്തിയ ചര്‍ച്ചയിലാണ് കുടുംബം പോസ്റ്റ്‌മോര്‍ട്ടം നടപടികളോട് സഹകരിക്കാന്‍ തീരുമാനിച്ചത്. രണ്ടു ദിവസത്തിനകം കളക്ടര്‍ വീട്ടില്‍ എത്തുമെന്നും ധനസഹായം അടിയന്തരമായി നൽകുമെന്നും ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി.
ബന്ധുക്കള്‍ എത്തിയശേഷം ബത്തേരി താലൂക്ക് ആശുപത്രിയില്‍ മാരന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ നടക്കും. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.