

തിരുവനന്തപുരം: സ്‌കൂളുകളെ വര്‍ഗീയ പാഠശാലകള്‍ ആക്കാന്‍ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ചില സ്‌കൂള്‍ മാനേജുമെന്റുകള്‍ ക്രിസ്മസ് ആഘോഷിക്കുന്നതില്‍ നിന്ന് കുട്ടികളെ വിലക്കിയ നടപടി അതീവ ഗൗരവത്തോടെ കാണുന്നുവെന്നും വിഷയത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു.
കുട്ടികളെ വര്‍ഗീയ വിഭജനം പഠിപ്പിക്കാന്‍ അനുവദിക്കില്ല. അത്തരം ശ്രമങ്ങളുണ്ടായാല്‍ കര്‍ശനമായ നടപടികളുണ്ടാകും. ഓണവും ക്രിസ്മസും പെരുന്നാളും എല്ലാം സ്‌കൂളുകളില്‍ ആഘോഷിക്കപ്പെടണമെന്നും വി. ശിവന്‍കുട്ടി പറഞ്ഞു.
ഇത്തരം വിഷയങ്ങള്‍ ജനങ്ങളും ഏറ്റെടുക്കണം. സ്‌കൂളുകളില്‍ വേര്‍തിരിവുകള്‍ ഉണ്ടായാല്‍ അത് സമൂഹത്തെയും ബാധിക്കും. ആര്‍എസ്എസ് ആഗ്രഹിക്കുന്നതും അത്തരം വേര്‍തിരിവുകളാണെന്നും മന്ത്രി പറഞ്ഞു.
ഇത്തവണ അവധിക്കാല ക്ലാസുകള്‍ ഒഴിവാക്കണമെന്നും മന്ത്രി ആവര്‍ത്തിച്ചു. അവധിക്കാലം ആഘോഷിക്കാനുള്ളതാണെന്നും കുട്ടികള്‍ക്ക് മാനസിക ഉല്ലാസം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണത്തെ സ്‌കൂള്‍ കലോത്സവം, ഉത്തരവാാദിത്തമുള്ള ഉത്സവം എന്നാണ് മുദ്രാവാക്യം. ഒരു പരിപാടി നടക്കുമ്പോള്‍ ആ ശബ്ദം ആ മുറിയില്‍ തന്നെ നില്‍ക്കത്തക്ക വിധം ക്രമീകരിക്കുമെന്നും ഭക്ഷണത്തില്‍ അമിത മധുരം എണ്ണ എന്നിവ ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു.