തിരുവനന്തപുരം: ബജറ്റ് പ്രസംഗത്തിൽ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേന്ദ്രം സംസ്ഥാനത്തിനുള്ള നികുതി വിഹിതം വെട്ടിക്കുറയ്ക്കുകയാണെന്നും വായ്പാ പരിധി കുറച്ചുവെന്നും ധനമന്ത്രി പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയുടെ അന്ത്യത്തിന്റെ ആരംഭം കുറിച്ചു. ജിഎസ്‌ടിയിൽ സംസ്ഥാനം ആവശ്യപ്പെട്ട നഷ്ടപരിഹാരം നൽകുന്നില്ല. പ്രാദേശിക സർക്കാരുകൾക്ക് നൽകുന്ന ഗ്രാൻഡിലും കേരളത്തിൻ്റെ വിഹിതം ഗണ്യമായി കുറഞ്ഞു. സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുകയാണെ്. സാമ്പത്തിക അവകാശങ്ങളിൽ കേന്ദ്രത്തിന്റെ കടന്നു കയറ്റമാണെന്നും കേന്ദ്ര അവഗണനയെ പ്രതിരോധിക്കാനുള്ള മാർഗം അനീതിയാണ് നടക്കുന്നതെന്ന് വിളിച്ചു പറയലാണെന്നും ധനമന്ത്രി പറഞ്ഞു.
കേന്ദ്രത്തിന്റെ സംസ്ഥാനത്തോടുള്ള അഗവണനക്കിടയിലും സംസ്ഥാനം പിടിച്ചുനിന്നുവെന്നും കെ.എൻ. ബാലഗോപാൽ. തൊടു ന്യായം പറഞ്ഞ് കേന്ദ്രം അര്‍ഹമായ വിഹിതം വെട്ടുകയാണ്. അവസാന ഘട്ടത്തിലും സർക്കാരിനെ ശ്വാസം മുട്ടിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. കേന്ദ്രസർക്കാരിന്റെ അവഗണന പാരമ്യത്തിലെത്തിയത് ഈ സർക്കാരിന്റെ കാലത്താണ്. എന്നിട്ടും വികസനത്തിൽ കുറവുണ്ടായിട്ടില്ല. കേരളം കടം കയറി നശിച്ചു എന്നുള്ളത് വെളിവുള്ള ആരും ഏറ്റെടുക്കില്ല. സംസ്ഥാനത്തിന്റെ കടം താങ്ങാവുന്ന പരിധിയിലാണ്. കേരളത്തെ ധനപരമായി ഒതുക്കാൻ കേന്ദ്രം ശ്രമിക്കുമെന്ന് കണക്കുകൂട്ടിയിരുന്നുവെന്നും ധനമന്ത്രി നിയമസഭയിൽ പറഞ്ഞു.
കേരളത്തിൻ്റെ ഓരോ മേഖലയിലും വന്ന നേട്ടങ്ങൾ ചർച്ച ചെയ്യപ്പെടണം. കേരളീയരുടെ ഒത്തൊരുമ എത്ര പണം ലഭിച്ചാലും ലഭിക്കാത്തത്. ഈ കൂട്ടായ്മ തകർക്കാൻ ശ്രമം നടക്കുന്നുണ്ട്. ഉഗ്ര വിഷമുള്ള വർഗീയ സംഘടനകൾ കൂട്ടായ്മ തകർക്കാൻ തക്കം പാർക്കുന്നുണ്ട്. വർഗീയതക്കെതിരെ നിലപാടെടുക്കുന്നവരെ ചാപ്പ കുത്തുകയാണെന്നും എല്ലാവരും ചേർന്നതാണ് ഇടതുപക്ഷമെന്നും ധനമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനങ്ങൾ പാലിക്കുന്നതാണ് ബജറ്റ്. പത്ത് വർഷം മുൻപത്തെ കേരളമല്ല ഇന്നത്തെ കേരളം. എല്ലാ മേഖലയിലും കേരളം ഒരു ന്യൂ നോർമൽ സൃഷ്ടിച്ചിരിക്കുന്നുവെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.