
തിരുവനന്തപുരം: ശബരിമല കട്ടിളപ്പാളി മോഷണത്തില്‍ 2019ലെ ദേവസ്വം ഉദ്യോഗസ്ഥരും പ്രതികള്‍. കട്ടിളപ്പാളി മോഷണവുമായി ബന്ധപ്പെട്ട എഫ്‌ഐആറില്‍ എ. പദ്മകുമാര്‍ പ്രസിഡന്റായിരുന്ന ഭരണസമിതി എട്ടാം പ്രതിയാക്കി ചേര്‍ത്തു. ദേവസ്വം കമ്മീഷണര്‍ മൂന്നാം പ്രതിയും തിരുവാഭരണം കമ്മീഷണറും നാലാം പ്രതിയുമാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ കേസില്‍ ഒന്നാം പ്രതിയും കട്ടിളപ്പാളി കൊണ്ടു പോയ കല്‍പ്പേഷിനെ രണ്ടാം പ്രതിയാക്കിയുമാണ് നേരത്തെ എഫ്‌ഐആര്‍ ഇട്ടത്.
2019ലെ ദേവസ്വം ബോര്‍ഡ് അംഗങ്ങളും പ്രതിപ്പട്ടികയിലുണ്ടെങ്കിലും എഫ്‌ഐആറില്‍ ഇവരെ പേരെടുത്ത് പറയുന്നില്ല. എക്‌സിക്യൂട്ടീവ് ഓഫീസര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ എന്നിവരും പ്രതികളാണ്. ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസില്‍ ആണ് ഇപ്പോള്‍ ദേവസ്വം ബോര്‍ഡിനെകൂടി പ്രതിസ്ഥാനത്ത് ചേര്‍ത്തിരിക്കുന്നത്.
2019ല്‍ എ പദ്മകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരിക്കുന്ന കാലത്താണ് രണ്ട് തവണ സ്വര്‍പ്പാളികള്‍ ചെന്നൈയിലേക്ക് സ്വര്‍ണം പൂശാനായി കൊണ്ടു പോയത്. മാര്‍ച്ചിലും ജൂലൈയിലുമാണ് കൊണ്ടു പോയത്. സ്വര്‍ണപ്പാളി കൊണ്ടു പോയി തിരിച്ചു കൊണ്ടു വരുന്നതിനിടിയല്‍ ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ചിട്ടുള്ള വീഴ്ചയുണ്ടായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആറിലും പ്രതി ചേര്‍ത്തിരിക്കുന്നത്.
ഭരണസമിതി അംഗങ്ങളുടെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടിക്രമങ്ങളിലേക്ക് പ്രത്യേക അന്വേഷണ സംഘം കടക്കും. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അഴിമതി നിരോധന നിയമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിജിലന്‍സ് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് എസ്‌ഐടിയുടെ നടപടി.
ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്തുകൊണ്ടായിരുന്നു ആദ്യത്തെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 10 പ്രതികളുടെ പേരുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഇതില്‍ രണ്ട് പേര്‍ മാത്രമാണ് നിലവില്‍ സര്‍വീസില്‍ ഉള്ളത്. ഇതില്‍ രണ്ട് പേരില്‍ ഉള്‍പ്പെടെ ദേവസ്വം ബോര്‍ഡ് നടപടി സ്വീകരിക്കും.