
തിരുവനന്തപുരം: ജനയുഗം ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന പി.എസ് രശ്മിയുടെ ഓര്‍മയ്ക്കായി പി.എസ്. രശ്മി സൗഹൃദ കൂട്ടായ്മ യുവമാധ്യമ പ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ പ്രഥമ പി.എസ്. രശ്മി മെമ്മോറിയല്‍ യങ് ജേണലിസ്റ്റ് അവാര്‍ഡ് പ്രഖ്യാപിച്ചു. മലയാള മനോരമ ഇടുക്കി ബ്യൂറോ റിപ്പോര്‍ട്ടര്‍ ജോ മാത്യുവാണ് പുരസ്‌കാരത്തിന് അര്‍ഹനായത്.
2024 നവംബര്‍ 24ന് മലയാള മനോരമ വാരാന്ത്യപതിപ്പില്‍ പ്രസിദ്ധീകരിച്ച 'കുഞ്ഞുമോൻ്റെ വലിയ ജീവിതം' എന്ന ഹ്യൂമന്‍ ഇൻ്ററസ്റ്റഡ് സ്‌റ്റോറിയാണ് ജോ മാത്യുവിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. കാട്ടുകൊള്ളക്കാരന്‍ വനപാലകനായി മാറിയ കഥയാണ് 'കുഞ്ഞുമോൻ്റെ വലിയ ജീവിത'ത്തിലൂടെ പറയുന്നത്. മാധ്യമ പ്രവര്‍ത്തകരായ എസ്. ഹരികൃഷ്ണന്‍, കെ.എ. ബീന, പി.ആര്‍.ഡി റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍ ചന്ദ്രഹാസന്‍ വടുതല എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരനിര്‍ണ്ണയം നടത്തിയത്.
11,111 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം രശ്മിയുടെ ജന്മദിനമായ ഒക്ടോബര്‍ നാലിന് തിരുവനന്തപുരം ഭാരത് ഭവന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ജി.ആര്‍. അനില്‍ സമര്‍പ്പിക്കും. അവാര്‍ഡ് സമര്‍പ്പണ ചടങ്ങ് ഉദ്ഘാടനവും പി.എസ്. രശ്മി മെമ്മോറിയല്‍ ട്രസ്റ്റ് പ്രഖ്യാപനവും മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കുമെന്ന് പി.എസ്. രശ്മി സൗഹൃദ കൂട്ടായ്മ കണ്‍വീനര്‍ എം.വി. വിനീത, ജോയിൻ്റ് കണ്‍വീനര്‍മാരായ എസ്.ആര്‍. രാജഗോപാല്‍, പി.ആര്‍. റിസിയ എന്നിവര്‍ അറിയിച്ചു.