

വയനാട്: പുത്തുമല കാട്ടാന ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. കൊല്ലപ്പെട്ട ജെസിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും വനം വകുപ്പ് അറിയിച്ചു. അടിയന്തരമായി തുക കൈമാറും. സംഭവത്തിൽ പ്രദേശത്ത് പ്രതിഷേധം ശക്തമാകുകയാണ്. പ്രതിഷേധം അറിയിച്ച് നാട്ടുകാർ മേപ്പാടി ടൗണിൽ റോഡ് ഉപരോധിച്ചു.
കുടുംബത്തിൽ ഒരാൾക്ക് വനം വകുപ്പിൽ താൽകാലിക ജോലി നൽകുമെന്നും, 30 ന് വനം മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുമെന്നും സൗത്ത് വയനാട് ഡി എഫ് ഒ ആഷിഖ് അലി പറഞ്ഞു.
ഇന്ന് രാവിലെയാണ് മേപ്പാടി- ചൂരല്‍മല പ്രധാന റോഡില്‍ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളെ കാട്ടാന ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ പുത്തുമല സ്വദേശി ജെസിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജെസിയുടെ ഭർത്താവ് ഷാജിക്കും പരിക്കേറ്റിട്ടുണ്ട്.