

മലപ്പുറം: നിലമ്പൂരിൽ വ്യാജ പട്ടയമുണ്ടാക്കി വനഭൂമി വിറ്റഴിക്കുന്ന ഭൂമാഫിയകൾക്ക് ഉദ്യോഗസ്ഥ സംരക്ഷണം. യഥാർഥ പട്ടയമുള്ള ആദിവാസികൾ കുടിയിറക്ക് ഭീഷണിയിൽ. ചാലിയാർ വെണ്ണേക്കോട് ഉന്നതിയിലെ 52 ആദിവാസി കുടുംബങ്ങൾക്ക് വനംവകുപ്പിന്റെ നോട്ടീസ്.
45 വർഷം മുൻപ് റവന്യൂ വകുപ്പ് നൽകിയ പട്ടയം വനംവകുപ്പിന്റെ അറിവോടെയല്ലെന്ന് ഉദ്യോഗസ്ഥരുടെ വിചിത്രവാദം. കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് ആദിവാസികൾ. ഇരുന്നൂറോളം ഏക്കർ വനഭൂമി വ്യാജരേഖകളുണ്ടാക്കി മറിച്ചുവിറ്റ മാഫിയയെ കുറിച്ച് ന്യൂസ് മലയാളം നേരത്തെ വാർത്ത നൽകിയിരുന്നു.