തൃശൂർ: അതിരപ്പിള്ളിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥൻ ഗൃഹനാഥനെ വീട് കയറി മർദിച്ചതായി പരാതി. അരൂർമുഴി സ്വദേശി മാളിയേക്കൽ ഡേവിസിനെയാണ് കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മർദിച്ചത്. സംഭവത്തിൽ പരാതി നൽകാൻ എത്തിയപ്പോൾ കേസ് എടുക്കാതെ പൊലീസ് മടക്കി അയച്ചതായും ഡേവിസ് പറയുന്നു.
ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. കൊന്നക്കുഴി അരൂർമുഴി സ്വദേശി ഡേവിസിന്റെ വീട്ടിൽ രാത്രി ഫോറസ്റ്റ് ഉദ്യോഗസ്ഥൻ എത്തി. വിശ്രമത്തിലായിരുന്ന ഡേവിസിനെ വിളിച്ച് മുറ്റത്തിറക്കിയ ഇയാൾ കയ്യിൽ കരുതിയ വടി ഉപയോഗിച്ച് മർദിച്ചു. ഡേവിസ്റെ ഭാര്യയടക്കമുള്ളവർ ചോദ്യം ചെയ്തതോടെ ഉദ്യോഗസ്ഥൻ തൊട്ടടുത്ത ഫോറസ്റ്റ് സ്റ്റേഷനിലേക്ക് തിടുക്കപ്പെട്ട് ഓടിപ്പോവുകയായിരുന്നുവെന്നും പരാതിക്കാർ പറയുന്നു.
വനം വകുപ്പ് ഉദ്യോഗസ്ഥൻ വീട്ടിൽ കടന്ന് കയറി നടത്തിയ അതിക്രമം പൊലീസിൽ പരാതിപ്പെടാൻ ഡേവിസും ഭാര്യയുമെത്തി. എന്നാൽ പരാതി സ്വീകരിക്കാനോ കേസ് എടുക്കാനോ അതിരപ്പിള്ളി പൊലീസ് തയ്യാറായില്ല. ഇവരോട് ആശുപത്രിയിൽ ചികിത്സ തേടാനും ഇന്റിമേഷൻ വന്നതിന് ശേഷം കേസെടുക്കാം എന്നായിരുന്നു പൊലീസ് നിലപാട്.
സ്ഥിരമായി ആന ശല്യമുള്ള പ്രദേശത്ത് കൃഷി നാശമുണ്ടായിട്ടും ഫോറസ്റ്റ് ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കാത്തതിനെതിരെ ഡേവിസ് പരാതിപ്പെട്ടിരുന്നു. ഇതേചൊല്ലി ഉദ്യോഗസ്ഥനുണ്ടായ വൈരാഗ്യമാണ് മർദനത്തിന് കാരണമെന്നാണ് വർഗീസിന്റെ ആരോപണം.
വിഷയത്തിൽ പൊലീസ് കേസ് എടുക്കാൻ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് കൊന്നക്കുഴി സ്റ്റേഷനിലേക്ക് നാട്ടുകാർ മാർച്ച് നടത്തി. കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം. അതേസമയം സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ പൊലീസോ വനംവകുപ്പോ ഇതുവരെ തയ്യാറായിട്ടില്ല.