
ആലപ്പുഴ: ഇസ്രയേലിനെതിരെ ഹമാസ് തിരിച്ചടിക്കണമെന്ന് സിപിഐഎം മുൻ മന്ത്രി ജി. സുധാകരൻ. ഹമാസ് ആധുനിക ആയുധങ്ങൾ സമാഹരിച്ച് ഇസ്രായേലിനെതിരെ പൊരുതണം. 3000 കിലോ മീറ്റർ ഒക്കെ പോകുന്ന ബോംബുകളുണ്ട്. ഇസ്രയേലിൻ്റെ തലസ്ഥാനമായ ടെൽ അവീവിൽ ബോംബ് വീഴണമെന്നും എന്നാലെ പ്രശ്നം തീരു എന്നും ജി. സുധാകരൻ പറഞ്ഞു. മുസ്ലീം സംയുക്ത വേദിയുടെ ആലപ്പുഴ ബീച്ചിലെ പലസ്തീൻ ഐക്യദാർഡ്യ സംഗമത്തിൽ സംസാരിക്കുയായിരുന്നു അദ്ദേഹം.
"എന്തിനാണ് യുഎൻ? എന്താണ് യുഎന്നിൻ്റെ ഗുണം. അമേരിക്ക വീറ്റോ ചെയ്താൽ ചായ കുടിച്ചു പിരിയും. ആർക്കും വീറ്റോ പവർ വേണ്ട". ഹമാസ് അത്ര ഭീകര സംഘടനയൊന്നുമല്ലെന്നും ആണത്തമുള്ള ഒരേ ഒരു രാജ്യം ഇറാൻ മാത്രമാണെന്നും ജി. സുധാകരൻ പറഞ്ഞു.
കേരളത്തിലെ കോളേജുകളിൽ യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങളോ പ്രകടനങ്ങളോ ഇപ്പോഴില്ലെന്നും ജി. സുധാകരൻ. സംഘടനകൾ എല്ലാം ഉണ്ട്. പഠിക്കുക, ഡിഗ്രിയെടുക്കുക, ജോലി നേടുക എന്നത് മാത്രമാണ് ലക്ഷ്യം. 2004ലെ മൻമോഹൻ സിങ്ങിൻ്റെ ഭരണം മുതലാണ് ഇത് തുടങ്ങിയത്. അയാൾ ലോക ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. അതെല്ലാം പഠിച്ചിട്ടാണ് അയാൾ വന്നതെന്നും ജി. സുധാകരൻ പറഞ്ഞു.