എറണാകുളം: ശബരിമല കൊടിമര സ്വർണവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ദേവസ്വം ബോർഡ് മുൻ അംഗം അജയ് തറയിൽ. ഭക്തരിൽ നിന്ന് സ്വീകരിച്ച സ്വർണത്തിന്റെ കണക്കിൽ വീഴ്ച പറ്റിയിട്ടില്ല. 2017ൽ 412 ഗ്രാം സ്വർണം അധിക സംഭാവനയായി ലഭിച്ചുവെന്നും അജയ് തറയിൽ വ്യക്തമാക്കി. ഹൈക്കോടതി നിർദേശ പ്രകാരമാണ് ശബരിമലയിൽ അറ്റകുറ്റപ്പണി നടത്തിയത്. കൃത്യമായ കണക്ക് ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. വി.ഡി. സതീശൻ്റെ ജാഥ കൊച്ചിയിൽ എത്തുമ്പോൾ തന്നെയും ചോദ്യം ചെയ്യുമെന്ന് ഒരു സിപിഐഎം നേതാവ് മുന്നറിയിപ്പ് നൽകിരുന്നു. അജയൻ സൂക്ഷിക്കണമെന്ന് പറഞ്ഞു. എന്നാൽ അറസ്റ്റിനെ ഭയക്കുന്നില്ലെന്നും രാഷ്ട്രീയ നീക്കം ചെറുക്കുമെന്നും അജയ് തറയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമലയിലെ കൊടിമര നിർമാണത്തിൽ ഭാരവാഹിയെന്ന നിലയിൽ തനിക്ക് ഉത്തരവാദിമുണ്ടെങ്കിലും ഹൈക്കോടതിയുടെ നിർദേശപ്രകാരം പൂർണമായും നടപ്പിലാക്കിയത് അഡ്വ. കമ്മിഷണറും തിരുവാഭരണ കമ്മിഷണറും ചീഫ് എഞ്ചിനീയറുമാണെന്നും ബോർഡ് മുൻ അംഗം അജയ് തറയിൽ. ഫീനിക്‌സ് ഗ്രൂപ്പ് 9161 ഗ്രാം സ്വർണമാണ് സ്‌പോൺസർ ചെയ്തത്. സ്വർണം പൂശൽ പ്രക്രിയ നടന്നത് പമ്പയിൽ വച്ചായിരുന്നുവെന്നും അജയ് തറയിൽ വ്യക്തമാക്കി. പ്രാഥമിക അന്വേഷണം നടത്താനുള്ള ഹൈക്കോടതി തീരുമാനത്തെ സന്തോഷത്തോടെയാണ് കാണുന്നതെന്നും അജയ് തറയിൽ പറഞ്ഞു.
'412 ഗ്രാം സ്വർണം 2017ൽ ഭക്തരിൽ നിന്ന് അധികമായി ലഭിച്ചു. കൊടിമര നിർമാണത്തിനായി 9 കിലോ 340.200 ഗ്രാം സ്വർണമാണ് ഉപയോഗിച്ചത്. എല്ലാ രേഖകളും മഹസറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ദേവസ്വം ബോർഡിൽ പാസാക്കിയ കണക്കാണിത്. രേഖകൾ ഹൈക്കോടതിയിലും നൽകിയിട്ടുണ്ട്. 412ന് അപ്പുറത്തേയ്ക്ക് ഏത് ഭക്തനാണ് അവിടെ സ്വർണം നൽകിയത്. ദേവസ്വം ബോർഡ് പ്രസിഡന്റിനും മെമ്പർമാർക്കും രസീത് കൊടുക്കലാണോ പണി? വി.ഡി. സതീശന്റെ ജാഥ എറണാകുളത്ത് വരുമ്പോൾ എന്നെ ചോദ്യം ചെയ്യാനുള്ള പദ്ധതിയാണ് സർക്കാരിനുള്ളത്. എന്നെ പോലെയുള്ള ഒരാൾ സ്വർണക്കൊള്ളക്കാർക്കിടയിൽ സത്യസന്ധനായി ജീവിക്കുന്നുവെന്നതിന്റെ തെളിവാണിത്, അജയ് തറയിൽ.
അതേസമയം, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തനിക്ക് മത്സരിക്കാൻ ആഗ്രഹമുണ്ടെന്നും ഇക്കാര്യം പാർട്ടിയെ അറിയിച്ചിട്ടുണ്ടെന്നും കോൺഗ്രസ് രാഷ്‌ട്രീയകാര്യ സമിതിയംഗമായ അജയ് തറയിൽ ന്യൂസ് മലയാളത്തോട് പറഞ്ഞു. രണ്ട് തവണ താൻ മത്സരിച്ചപ്പോഴും പാർട്ടികാർ തന്നെയാണ് പരസ്യമായി കാലുവാരി തോൽപിച്ചത്. ഇത്തവണയും കാല് വാരാൻ ശ്രമം ഉണ്ടാകും. പക്ഷെ താൻ വിജയിക്കുമെന്നും അജയ് തറയിൽ പറഞ്ഞു.