ശബരിമല കൊടിമര പുനഃപ്രതിഷ്ഠ: പ്രാഥമികാന്വേഷണം ഉടൻ ആരംഭിക്കാൻ വിജിലൻസ്

ആദ്യഘട്ടത്തിൽ പുനപ്രതിഷ്ഠാ മഹസറും, സംഭാവന നൽകിയവരുടെ വിവരങ്ങളും ശേഖരിക്കാനാണ് വിജിലൻസിൻ്റെ നീക്കം.
ശബരിമല
ശബരിമലSource: Screengrab
Published on
Updated on

പത്തനംതിട്ട: ശബരിമല കൊടിമര പുനപ്രതിഷ്ഠയിൽ ഉടൻ പ്രാഥമികാന്വേഷണം തുടങ്ങാൻ വിജിലൻസ്. ആദ്യഘട്ടത്തിൽ പുനപ്രതിഷ്ഠാ മഹസറും, സംഭാവന നൽകിയവരുടെ വിവരങ്ങളും ശേഖരിക്കാനാണ് വിജിലൻസിൻ്റെ നീക്കം. അതേസമയം, സ്വർണക്കൊള്ള കേസിൽ ശാസ്ത്രീയ പരിശോധനയ്ക്കുള്ള സാമ്പിൾ ശേഖരിക്കാനുള്ള നടപടി എസ്ഐടിയും ആരംഭിച്ചിട്ടുണ്ട്.

പാളികളിൽ നിന്നും മറ്റ് ഉരുപ്പടികളിൽ നിന്നും വ്യാഴാഴ്ച സാമ്പിൾ ശേഖരിക്കും. ഇതിന് മുൻപായി പമ്പയിൽ അവലോകന യോഗം ചേരും. മൂന്ന് ദിവസത്തോളം നീണ്ടുനിൽക്കുന്നതായിരിക്കും സാമ്പിൾ ശേഖരണം എന്നാണ് സൂചന. എസ്ഐടിയോടൊപ്പം ലീഗൽ മെട്രോളജി ഗോൾഡ് അസ്സെസ്മെന്റ് വിഭാഗവും പരിശോധനയ്ക്കെത്തും.

ശബരിമല
ശബരിമല കൊടിമര പുനഃപ്രതിഷ്ഠ: വിജിലന്‍സ് ഡയറക്ടര്‍ പ്രത്യേകസംഘം രൂപികരിക്കണം; മുപ്പത് ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി

പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട ശേഖരിച്ച സ്വർണത്തിൻ്റെ കാര്യത്തിൽ ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ദേവസ്വം വിജിലൻസ് ഇന്നലെ ഹൈക്കോടതിയെ അറിയിച്ചത്. ഓരോരുത്തരും നൽകുന്ന സ്വർണത്തിൻ്റെ അളവ് കൃത്യമായി രേഖപ്പെടുത്തുന്നതിന് പകരം ഭക്തർ സ്വർണം നൽകി എന്ന് മാത്രം രേഖപ്പെടുത്തിയത് ഗുരുതര ചട്ടലംഘനമായാണ് ഹൈക്കോടതി ഇന്നലെ വിലയിരുത്തിയത്. ഇക്കാര്യമാണ് വിജിലൻസിൻ്റെ പരിശോധനയിൽ പ്രധാനമായും ഉണ്ടാവുക. ദേവസ്വം മാന്വലിൻ്റെ ലംഘനമുണ്ടായോ എന്നതും അന്വേഷണ പരിധിയിലുണ്ടാവും.

അതേസമയം, എവിടെയാണ് ശാസ്ത്രീയ പരിശോധന നടത്തേണ്ടത് എന്ന കാര്യത്തിൽ എസ്ഐടി അന്തിമ തീരുമാനത്തിലേക്ക് എത്തിയിട്ടില്ല. മുംബൈയിലെ ഭാഭാ അറ്റോമിക് റിസർച്ച് സെൻ്റർ, ജംഷഡ്പുരിലെ നാഷണൽ മെറ്റല്ലർജിക്കൽ ലബോറട്ടറി, ഹൈദരാബാദിലെ ഡിഫൻസ് മെറ്റല്ലർജിക്കൽ റിസർച്ച് ലബോറട്ടറി എന്നിവിടങ്ങളാണ് പരിഗണനയിലുള്ളത്. ഇതിൽ എവിടേക്കാണ് സാമ്പിളുകൾ അയക്കുകയെന്നത് ഈ മാസം 19 ന് അറിയിക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം.

ശബരിമല
ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിൽ വിജിലൻസ് അന്വേഷണം വേണമെന്ന് ഹൈക്കോടതി; അന്വേഷണം യുഡിഎഫ് ഭരണസമിതിയിലേക്ക്

കൊടിമര പുനഃപ്രതിഷ്ഠയിൽ മുപ്പത് ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. പുനഃപ്രതിഷ്ഠയ്ക്ക് ഇരുപത്തിയേഴ് ഭക്തർ സംഭാവന നൽകിയിട്ടുണ്ട്. ഇവരുടെ മൊഴി രേഖപ്പെടുത്തണം എന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. മഹസർ അടക്കമുള്ള രേഖകൾ പരിശോധിക്കണം. 2017ൽ സ്വർണം പൂശാൻ കസ്റ്റംസിൽ നിന്നും 9.161 കിലോ സ്വർണം വാങ്ങി. ഭക്തർ 412 ഗ്രാം സ്വർണം നൽകി. 9 കിലോ 573 ഗ്രാം സ്വർണമാണ് ശേഖരിച്ചത്. സിനിമാ താരങ്ങൾ ഉൾപ്പടെയുള്ളവർ സ്വർണം നൽകിയവരിൽ ഉണ്ട്. ജൂണിൽ സിനിമാ താരം നൽകിയത് 80.490 ഗ്രാം സ്വർണമാണ്. ഇതേമാസം ഒരു പ്രൊഡ്യൂസർ 246.520 ഗ്രാം സ്വർണം നൽകി. എന്നാൽ ഭക്തർ നൽകിയ സ്വർണത്തിന് ക്യത്യമായ രേഖകളില്ലെന്ന് കോടതി പറഞ്ഞു.

2017ൽ യുഡിഎഫ് ഭരണസമിതിയുടെ കാലത്താണ് കൊടിമര പുനഃനിർമാണം നടന്നത്. അന്ന് പ്രയാർ ​ഗോപാലകൃഷ്ണൻ ആയിരുന്നു ദേവസ്വം ബോർഡ് പ്രസിഡൻ്റ്. അജയ് തറയിൽ, സിപിഐഎം പ്രതിനിധിയായ രാഘവൻ എന്നിവരും ബോർഡ് അം​ഗങ്ങളായിരുന്നു. ഈ ഭരണസമിതിയുടെ കാലത്തെ വാജി വാഹന കൈമാറ്റം ഉൾപ്പെടെ വിവാദമായിരുന്നു. പഴയ കൊടിമരത്തിൽ നിന്നും മാറ്റിയ വാജി വാഹനം തന്ത്രി കണ്ഠര് രാജീവർക്കാണ് ബോർഡ് കൈമാറിയത്. സ്വർണക്കൊള്ള വിവാദം ഉയർന്നപ്പോള്‍ വാജി വാഹനം തിരികെ നൽകാമെന്ന് തന്ത്രി മുൻ ബോർഡിനെ അറിയിച്ചെങ്കിലും തിരികെ വാങ്ങാൻ ബോർഡ് തയ്യാറായിരുന്നില്ല.

ശബരിമല
ശബരിമല സ്വര്‍ണക്കൊള്ള: ജയറാമിന് ഇഡി സമന്‍സ്

യുഡിഎഫ് ഭരണകാലത്തുള്ള കൊടിമര പുനഃപ്രതിഷ്ഠ അന്വേഷിക്കാനും സംസ്ഥാന വിജിലൻസ് വിഭാഗത്തിന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിർദേശം നൽകി. 2017ലെ യുഡിഎഫ് ബോർഡ് നിലനിന്നിരുന്ന കാലത്തെ ഇടപാടുകളാണ് പരിശോധിക്കുക. സിനിമാ താരങ്ങളിൽ നിന്ന് ഉൾപ്പെടെ കൊടിമര പുനഃപ്രതിഷ്ഠയ്ക്കായി സ്വീകരിച്ച സംഭാവനയുടെ ഒരു രേഖയും കാണുന്നില്ലെന്നാണ് എസ്ഐടി ഹൈക്കോടതിയിൽ അറിയിച്ചിരിക്കുന്നത്. ഇതേ തുടർന്നാണ് വിജിലൻസിനോട് ഇക്കാര്യം പ്രത്യേകമായി അന്വേഷിക്കണമെന്നാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com