കൊല്ലം: ശബരിമല സ്വർണക്കൊള്ളകേസിൽ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന് ജാമ്യം. രണ്ടു കേസുകളിലും സ്വാഭാവിക ജാമ്യമാണ് കൊല്ലം വിജിലൻസ് കോടതി നൽകിയത്. ഇതോടെ സുധീഷ് കുമാർ ഇന്ന് ജയിൽ മോചിതനാകും. അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കുന്നത് കോടതി മാറ്റി. ബുധനാഴ്ച്ച ജാമ്യാപേക്ഷയിൽ വിജിലൻസ് കോടതി വാദം കേൾക്കും.
റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയായിട്ടും പ്രത്യേക അന്വേഷണ സംഘത്തിന് ഇതുവരെ കുറ്റപത്രം സമർപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് പോറ്റി സ്വാഭാവിക ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. നേരത്തെ, സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട ദ്വാരപാലക കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ, കട്ടളപ്പാളി കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ അദ്ദേഹം ജയിലിൽ തുടരുകയാണ്. കേസിലെ മറ്റൊരു പ്രതിയായ എൻ. വാസുവിനെ 14 ദിവസത്തേക്ക് വീണ്ടും റിമാൻഡ് ചെയ്തു. ദ്വാരപാലക ശില്പ കേസിൽ തന്ത്രി കണ്ഠരര് രാജീവരും ജാമ്യപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
അതേസമയം, കേസിൽ റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പച്ചത്. ആൻജിയോഗ്രാം അടക്കം വിദഗ്ധ പരിശോധന ഇന്ന് നടക്കും. പരിശോധന ഉള്ളതിനാൽ ആശുപത്രിയിൽ തുടരുകയാണ് കണ്ഠരര് രാജീവര്.
പൂജപ്പുര ജയിലിൽ നിന്നാണ് തന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. സെൽറൂമിലേക്കാണ് മാറ്റിയത്. നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെടുന്നതായി തന്ത്രി ജയിൽ ഉദ്യോഗസ്ഥരെ അറിയിക്കുകയായുരുന്നു. പിന്നാലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.