"ഇരിങ്ങാലക്കുട നരസിംഹ സ്വാമി ക്ഷേത്രത്തിൽ ജാതി വിവേചനമുണ്ട്"; സത്യനാരായണൻ്റെ ആരോപണം ശരിവെച്ച് മുൻ ഭരണസമിതി അംഗങ്ങൾ

ചാഴൂർ കോവിലകത്തിൻ്റെ ഉടമസ്ഥതയിലുള്ള ക്ഷേത്ര ഭരണം പിടിക്കാനുള്ള നീക്കം എതിർത്തതിനെ തുടർന്നാണ് നായർ സർവീസ് സൊസൈറ്റി അംഗങ്ങൾ സത്യനാരായണനെ അധിക്ഷേപിച്ചതെന്നാണ് ജലജ പറയുന്നത്
മുൻ സെക്രട്ടറി ജലജ എസ്. മേനോൻ, മുൻ മേൽശാന്തി വി. വി. സത്യനാരായണൻ
മുൻ സെക്രട്ടറി ജലജ എസ്. മേനോൻ, മുൻ മേൽശാന്തി വി. വി. സത്യനാരായണൻSource: News Malayalam 24x7
Published on

ഇരിങ്ങാലക്കുട കാരുകുളങ്ങര നരസിംഹ സ്വാമി ക്ഷേത്രത്തിൽ ജാതി വിവേചനമെന്ന ആരോപണം ശരിവെച്ച് ക്ഷേത്രത്തിലെ മുൻ ഭരണസമിതി അംഗങ്ങൾ. നിറത്തിൻ്റെ പേരിൽ അധിക്ഷേപിക്കപ്പെട്ട മുൻ മേൽശാന്തി സത്യനാരായണൻ്റെ പരാതി ശരിയാണെന്നും സത്യനാരായണനെ അനുകൂലിച്ചതിൻ്റെ പേരിൽ മർദനം ഏൽക്കേണ്ടി വന്നതായും മുൻ സെക്രട്ടറി ജലജ എസ്. മേനോൻ ന്യൂസ് മലയാളത്തോട് പറഞ്ഞു. ജലജയെ മർദിച്ചതും എൻഎസ്എസ് പ്രവർത്തകർ ക്ഷേത്രം കയ്യേറുന്നതും പൊലീസ് നോക്കി നിന്നുവെന്നും മുൻ ഭരണസമിതി അംഗങ്ങൾ പറയുന്നു.

ഇരിങ്ങാലക്കുട കാരുകുളങ്ങര നരസിംഹ സ്വാമി ക്ഷേത്രത്തിൽ മുൻ മേൽശാന്തി വി.വി. സത്യനാരായണൻ നിറത്തിൻ്റെ പേരിൽ അധിക്ഷേപം നേരിട്ട വാർത്ത കഴിഞ്ഞദിവസമാണ് ന്യൂസ് മലയാളം പുറത്തുവിട്ടത്. തന്നെ "പൂണൂലിട്ട പുലയൻ " എന്ന് വിളിച്ച മുൻ ഭരണസമിതി അംഗങ്ങൾ മറ്റു ഭക്തർക്ക് നേരെ ജാതി വിവേചനം നടത്തിയതായും മുൻ മേൽശാന്തി സത്യനാരായണൻ പറഞ്ഞിരുന്നു. ഇത് ശരിയാണെന്ന് ആവർത്തിക്കുകയാണ് ക്ഷേത്രത്തിലെ മുൻ സെക്രട്ടറിയായിരുന്ന ജലജ എസ്. മേനോൻ.

മുൻ സെക്രട്ടറി ജലജ എസ്. മേനോൻ, മുൻ മേൽശാന്തി വി. വി. സത്യനാരായണൻ
"പൂണൂലിട്ട പുലയൻ"; ഇരിങ്ങാലക്കുടയിൽ നിറത്തിൻ്റെ പേരിൽ ക്ഷേത്ര മേൽശാന്തിയെ അധിക്ഷേപിച്ചതായി പരാതി

ചാഴൂർ കോവിലകത്തിൻ്റെ ഉടമസ്ഥതയിലുള്ള ക്ഷേത്ര ഭരണം പിടിക്കാനുള്ള നീക്കം എതിർത്തതിനെ തുടർന്നാണ് നായർ സർവീസ് സൊസൈറ്റി അംഗങ്ങൾ സത്യനാരായണനെ അധിക്ഷേപിച്ചതെന്നാണ് ജലജ പറയുന്നത്. ക്ഷേത്ര ഭരണസമിതിയിൽ ഉൾപ്പെട്ട എൻഎസ്എസ് അംഗങ്ങളുടെ നീക്കങ്ങൾ സെക്രട്ടറിയായിരുന്ന ജലജ എതിർത്തിരുന്നു. ഇതിനെ അനുകൂലിച്ചതിൻ്റെ പേരിലാണ് സത്യനാരായണന് അധിക്ഷേപം നേരിട്ടതെന്നും ജലജയ്ക്ക് മർദനമേൽക്കേണ്ടി വന്നതെന്നും മുൻ ക്ഷേത്ര കമ്മിറ്റിയിലെ ഭാരവാഹികൾ ന്യൂസ് മലയാളത്തോട് പറഞ്ഞു.

സത്യനാരായണനും മറ്റുള്ളവർക്കും എതിരെയുള്ള വിവേചനങ്ങളിൽ പ്രതിഷേധിച്ചും ക്ഷേത്രം കയ്യേറാനുള്ള നീക്കങ്ങളിൽ വിയോജിച്ചും ജലജ നായർ സർവീസ് സൊസൈറ്റിയിലെ അംഗത്വം രാജിവെച്ചു. വിഷയത്തിൽ എൻഎസ്എസ് താലൂക്ക് യൂണിയനുമായും വിവിധ രാഷ്ട്രീയ നേതാക്കളുമായും ചർച്ച നടത്തിയിട്ടും പരിഹാരം ഉണ്ടായിട്ടില്ല. പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പരാതി നൽകിയെങ്കിലും പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെന്നും ജലജ പറയുന്നു. പൊലീസ് ഉദ്യോഗസ്ഥർ നോക്കിനിൽക്കെയാണ് അതിക്രമങ്ങൾ നടന്നതെന്ന് പറയുന്ന ജലജയും സംഘവും മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com