കണ്ണൂർ: സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദചാമി ജയിൽ ചാടിയ സംഭവത്തിൽ നാല് ഉദ്യോഗസ്ഥർക്കെതിരെ നടപടി. നാല് പേരെ സർവീസിൽ നിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ജയിലുദ്യോഗസ്ഥർക്ക് വീഴ്‌ച സംഭവിച്ചിട്ടുണ്ടെന്നും ജയിൽ മേധാവി എഡിജിപി ബൽറാം കുമാർ ഉപാധ്യായ പ്രതികരിച്ചു.
"വ്യക്തമായ ആസൂത്രണത്തോടെയാണ് ഗോവിന്ദചാമി ജയിൽ ചാടിയത്. ജയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ട്. വിവരം അറിയാൻ വൈകി. കൂടുതൽ ജാഗ്രത പുലർത്തണമായിരുന്നു. ആരെയും ഇപ്പോൾ കുറ്റപ്പെടുത്താനില്ല. ഉടൻ പിടികൂടാനായത് ആശ്വാസമാണ്. സംഭവം കണ്ണൂർ റേഞ്ച് ഡിഐജി വിശദമായി അന്വേഷിക്കും", ബൽറാം കുമാർ ഉപാധ്യായ.
വിവരം അറിയാൻ വൈകി. ആദ്യം ജയിലിനുള്ളിലാണ് പരിശോധിച്ചത്. നാലര മണിയോടെയാണ് ഇയാൾ ജയിൽ ചാടിയത്. 4.15 വരെ ഗോവിന്ദച്ചാമി ജയിൽ പരിസരത്ത് ഉണ്ടായിരുന്നു. അത് സിസിടിവിയിൽ വ്യക്തമാണ്. പൊലീസിനെ അറിയിക്കുന്നതിലും വീഴ്ചപ്പറ്റി. വൈകിയാണ് പൊലീസിനെ പൊലീസിനെ വിവരം അറിയിച്ചത്. ജയിൽ ഡിഐജി നേരിട്ട് നടപടിയെടുക്കും. അന്വേഷണ റിപ്പോർട്ട് അനുസരിച്ച് തുടർനടപടികൾ ഉണ്ടാകുമെന്നും ജയിൽ വകുപ്പ് മേധാവി ബൽറാം കുമാർ ഉപാധ്യായ പറഞ്ഞു.