രാജ്യത്ത് മുസ്ലീം വിരോധം പടർത്തുന്നതിൽ മെത്രാന്മാർക്കും പങ്കുണ്ട്; തൃശൂരിൽ സുരേഷ് ഗോപി ക്രൈസ്തവരുടെ വോട്ട് വാങ്ങിയാണ് ജയിച്ചതെന്ന് മറക്കരുത്: ഫാ. പോൾ തേലക്കാട്ട്

ഛത്തീസ്ഗഡിൽ പൊലീസും ബജരംഗ്‌ദളും ഒന്നായി പ്രവർത്തിക്കുന്നുവെന്നും ഫാ. പോൾ തേലക്കാട്ട് വിമർശിച്ചു
കന്യാസ്ത്രീകള്‍ അറസ്റ്റിലായതില്‍ ഫാ. പോള്‍ തേലക്കാട്ട്
കന്യാസ്ത്രീകള്‍ അറസ്റ്റിലായതില്‍ ഫാ. പോള്‍ തേലക്കാട്ട്Source: News Malayalam 24x7
Published on

കൊച്ചി: രാജ്യത്ത് മുസ്ലീം വിരോധം പടർത്തുന്നതിൽ മെത്രാന്മാർക്കും പങ്കുണ്ടെന്ന് സിറോ മലബാർ സഭാ മുൻ വക്താവ് ഫാ. പോൾ തേലക്കാട്ട്. മുസ്ലീം വിരോധം പടർത്തുകയെന്ന ബിജെപി പ്രചാരണത്തിൽ കത്തോലിക്കാ സഭയിലെ മെത്രാന്മാരും അച്ഛന്മാരും വീണു. ക്രൈസ്തവർ നേരിടുന്ന പ്രതിസന്ധികളും നിലവിലെ രാഷ്ട്രീയവും തിരിച്ചറിയാൻ അവർ ശ്രമിക്കണമെന്നും ഫാ. തേലക്കാട്ട് ആവശ്യപ്പെട്ടു. ന്യൂസ് മലയാളം 'ലീഡേഴ്സ് മോണിങ്ങില്‍' ആണ് പ്രതികരണം.

ഛത്തീസ്ഗഡിൽ പൊലീസും ബജരംഗ്‌ദളും ഒന്നായി പ്രവർത്തിക്കുന്നുവെന്നും ഫാ. പോൾ തേലക്കാട്ട് വിമർശിച്ചു. "അവിടെ പൊലീസും ബജ്‌റംഗ്‌ദളും ഒന്നായിരിക്കുകയാണ്. നമ്മുടെ രാജ്യത്ത് നടക്കുന്ന, ഭരണകൂട ഭീകരതയായിട്ടെ ഇത് മനസിലാക്കാന്‍ സാധിക്കൂ. സംഭവിച്ചതില്‍ ഒരു കാര്യമേ തെറ്റായി പറയാന്‍ സാധിക്കൂ...മൂന്ന് പെണ്‍കുട്ടികള്‍ റെയില്‍വേ പ്ലാറ്റ്ഫോമില്‍ പ്ലാറ്റ്ഫോം ടിക്കറ്റില്ലാതെ ഇരുന്നു," ഫാ. പോൾ തേലക്കാട്ട് പറഞ്ഞു. മൂന്ന് പ്രായപൂർത്തിയായ ക്രൈസ്തവരായ പെണ്‍കുട്ടികളെ രണ്ട് മലയാളി കന്യാസ്ത്രീകള്‍ ജോലിക്ക് കൊണ്ടുപോകുന്നതില്‍ ഈ രാജ്യത്ത് ഒരു തെറ്റുമില്ല. തെറ്റിന് ശിക്ഷിക്കാനല്ല അവർ ശ്രമിച്ചത്, ന്യൂനപക്ഷത്തെ ആക്ഷേപിക്കാനും പീഡിപ്പിക്കാനുമാണ്. അത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രകടമാണെന്നും ഫാദർ കൂട്ടിച്ചേർത്തു.

കന്യാസ്ത്രീകള്‍ അറസ്റ്റിലായതില്‍ ഫാ. പോള്‍ തേലക്കാട്ട്
മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ സമർപ്പിക്കും

ബിജെപി കേരളത്തിൽ നടത്തിയത് ന്യൂനപക്ഷ പ്രീണനമാണ്. അരമനകൾ കയറിയിറങ്ങിയതും കേക്കുകൾ നൽകിയതും അതിനുദാഹരണമാണ്. പ്രീണനത്തെ കുറ്റം പറഞ്ഞവർ പ്രീണനം തന്നെയാണ് നടത്തുന്നത് എന്ന് ജനങ്ങൾ തിരിച്ചറിയണം. കേരളത്തിലെ മെത്രാന്മാർ ചെയ്തത് എന്തെന്ന് ജനങ്ങൾക്കറിയാം. അന്ന് ഇവരാരും ഓർത്തില്ല സംഘപരിവാർ പ്രത്യയശാസ്ത്രം എന്തെന്നും ഫാ. പോള്‍ തേലക്കാട്ട് പറഞ്ഞു.

തൃശൂരിൽ നിന്ന് സുരേഷ് ഗോപി ക്രൈസ്തവരുടെ വോട്ട് വാങ്ങിയാണ് ജയിച്ചതെന്ന് അദ്ദേഹവും ബിജെപിയും ഓർക്കണം. മെത്രാന്മാരുടെ അരമനകളിൽ വീഞ്ഞ് കുടിക്കുകയും കേക്ക് മുറിക്കുകയും ചെയ്തത് കാപട്യം. ഹിന്ദുത്വം എന്നത് മൗലികവാദമോ ഫാസിസമോ ആണെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവങ്ങൾ. ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമത്തിന്റെ അഴിച്ചുവിടൽ ആണ് ഇന്ത്യയിലെമ്പാടും നടക്കുന്നത്. ഇഷ്ടമില്ലാത്തവരെ ഇഡിയെ കൊണ്ട് വേട്ടയാടുകയും ഇലക്ട്രൽ ബോണ്ട് വാങ്ങിപ്പിക്കുകയും ചെയ്ത അനീതിയുടെ നിയമവൽക്കരണം രാജ്യത്ത് നടന്നുവെന്നും ഫാ. പോള്‍ തേലക്കാട്ട് ചൂണ്ടിക്കാട്ടി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com