കൊച്ചി: രാജ്യത്ത് വൻ തരംഗമായി മാറിയ 'കോക്രോച്ച് ജനതാ പാർട്ടി'യുടെ പേര് കേരളത്തിൽ ചില സംഘടനകൾ ദുരുപയോഗം ചെയ്യുന്നുവെന്ന് 'കോക്രോച്ച് ജനതാ പാർട്ടി കേരളം'. ഇൻസ്റ്റാഗ്രാമിൽ 48,600 ലധികം ഫോളോവേഴ്‌സുള്ള 'സി.ജെ.പി കേരളം ഒഫീഷ്യൽ' എന്ന പേജാണ് ഇത് സംബന്ധിച്ച പരസ്യ പ്രസ്താവന പുറത്തുവിട്ടത്. ഫ്രറ്റേണിറ്റി മൂവ്‌മെന്റ്, ക്യാമ്പസ് ഫ്രണ്ട് തുടങ്ങിയ സംഘടനകളുടെ പഴയ ചില സോഷ്യൽ മീഡിയ പേജുകളുടെ പേര് മാറ്റി 'കോക്രോച്ച് ജനതാ പാർട്ടി കേരളം' എന്നാക്കി മാറ്റിയതായി തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, ഈ പേജുകൾ ഉടൻ തന്നെ പഴയ പേരിലേക്ക് മാറ്റണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നു. കേരളത്തിന്റെ മതസൗഹാർദ്ദത്തെ ചോദ്യം ചെയ്യുന്ന യാതൊരുവിധ ഉള്ളടക്കങ്ങളും തങ്ങൾ പ്രോത്സാഹിപ്പിക്കില്ലെന്നും ഏതെങ്കിലും തരത്തിലുള്ള പണപ്പിരിവോ പെയ്ഡ് പ്രമോഷനുകളോ നടത്തില്ലെന്നും ടീം കോക്രോച്ച് കേരളം വ്യക്തമാക്കി.
മലയാളം വാർത്താ ചാനൽ ചർച്ചകളിൽ സംഘടനയുടെ കേരള വക്താവായി പങ്കെടുക്കുന്ന ഇഷ മറിയം ഹാരിസ് എന്നിവരെ ഫോളോ ചെയ്യുന്നതാണ് ഈ ഇൻസ്റ്റാഗ്രാം ഹാൻഡിൽ. നിലവിൽ ഒരു രാഷ്ട്രീയ കൂട്ടായ്മയായി മാത്രം പ്രവർത്തിക്കുന്ന സിജെപിയുടെ സംസ്ഥാന, ജില്ലാ, പ്രാദേശിക തലങ്ങളിലുള്ള ഘടകങ്ങളുടെ രൂപീകരണ ചർച്ചകൾ പുരോഗമിക്കുന്നതേയുള്ളൂ. സംസ്ഥാനത്ത് ഔദ്യോഗിക അംഗത്വ കാമ്പയിനോ വ്യവസ്ഥാപിതമായ താഴെത്തട്ടിലുള്ള സംഘടനാ പ്രവർത്തനങ്ങളോ ഇതുവരെ ആരംഭിച്ചിട്ടുമില്ല. ഇതിനിടയിൽ വിവിധ സംഘടനകളും വ്യക്തികളും സിജെപിയുടെ പേരിൽ വ്യാജ പേജുകളും പ്രസ്താവനകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നത് അണികൾക്കിടയിൽ കടുത്ത ആശയക്കുഴപ്പത്തിന് വഴിവെച്ചിരിക്കുകയാണ്. ഏതാണ് പാർട്ടിയുടെ ഔദ്യോഗിക നിലപാടെന്നും ഏതാണ് ഒറിജിനൽ പേജുകളെന്നും തിരിച്ചറിയാനാവാത്ത അവസ്ഥയിലാണ് നിലവിൽ പല അനുഭാവികളും.