തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ സൗജന്യ യൂണിഫോം വിതരണ പദ്ധതിയിലൂടെ രക്ഷിതാക്കൾക്ക് ലഭിക്കാനുള്ളത് കോടികൾ. രണ്ട് ജോഡി യൂണിഫോമിന് സർക്കാർ നൽകേണ്ട 600 രൂപ കഴിഞ്ഞ രണ്ടു വർഷമായി നൽകിയിട്ടില്ല. പട്ടിക ജാതി-പട്ടിക വർഗ , ബിപിഎൽ വിഭാഗങ്ങൾക്ക് ഉൾപ്പെടെ അലവൻസ് ലഭ്യമായിട്ടില്ലെന്ന പരാതിയും ഉയർന്നുവരുന്നുണ്ട്.
2011ൽ ഉമ്മൻചാണ്ടി സർക്കാർ ആണ് സൗജന്യ യൂണിഫോം പദ്ധതിക്ക് തുടക്കമിട്ടത്. സമഗ്ര ശിക്ഷാ കേരളാ ഫണ്ടിൽ നിന്നാണ് പദ്ധതിക്ക് ആവശ്യമായ പണം വകയിരുത്തിയിരുന്നത്. പിന്നീട് വന്ന എൽഡിഎഫ് സർക്കാർ , കൈത്തറിയെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി തദ്ദേശീയമായി നെയ്തെടുത്ത സ്കൂൾ യൂണിഫോം തുണിത്തരങ്ങൾ വിതരണം ചെയ്തു. കണ്ണൂർ ഉൾപ്പടെ ജില്ലകളിൽ നിന്നെത്തിക്കുന്ന തുണിത്തരങ്ങൾ ബിആർസി വഴി കുട്ടികളിലേക്ക് എത്തിച്ചിരുന്നു.
രണ്ടു ജോഡി യൂണിഫോമിനുള്ള തുണികളാണ് സർക്കാർ നൽകിയിരുന്നത്. പിന്നീട് ഒന്ന് മുതൽ 8 വരെയുള്ള ക്ലാസിലെ കുട്ടികൾക്ക് തുന്നൽ കൂലി ഉൾപ്പെടെ 600 രൂപ വീതം നൽകാൻ തീരുമാനിച്ചു. ഈ വകയിലാണ് കോടിക്കണക്കിന് രൂപ നൽകാൻ ബാക്കി നിൽക്കുന്നത്.
സർക്കാർ ഹൈസ്കൂളുകളിലെ ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന എപിഎൽ വിഭാഗം ആൺകുട്ടികൾക്കും എയ്ഡഡ് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സംസ്ഥാന സർക്കാരാണ് അലവൻസ് നൽകേണ്ടത്. ബിപിഎൽ , എസ്‌സി-എസ്‌ടി വിഭാഗങ്ങൾക്കും പെൺകുട്ടികൾക്കും യൂണിഫോം തുക നൽകേണ്ടത് സമഗ്ര ശിക്ഷ കേരള പദ്ധതി അനുസരിച്ചാണ്. രണ്ടുവർഷമായി ഈ ഫണ്ട് മുടങ്ങിക്കിടക്കുകയാണ്. 2023 -24 വർഷത്തിൽ എപിഎൽ വിഭാഗങ്ങൾക്ക് മാത്രമാണ് ഫണ്ട് ലഭിച്ചത്. 2024- 25 വർഷത്തെ എസ് എസ് കെ ഫണ്ട് പൂർണമായി മുടങ്ങി.
കേന്ദ്ര ഫണ്ട് ലഭിക്കാത്തതാണ് പണം നൽകുന്നത് വൈകാൻ കാരണമെന്നാണ് സർക്കാരിൻ്റെ പക്ഷം. ആദ്യഘട്ടത്തിൽ കണ്ണൂർ ജില്ലയിലെ നെയ്ത്ത് ഗ്രാമങ്ങളിൽ നിന്ന് ഉൾപ്പെടെയുള്ള തുണിത്തരങ്ങളാണ് കൊണ്ടുവന്നിരുന്നതെങ്കിൽ ഇപ്പോൾ സാമ്പത്തിക പ്രതിസന്ധി കാരണം ഇത്തരം യൂണിറ്റുകളിൽ പലതും അടച്ചു പൂട്ടി. ഇതോടെ തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവരുന്ന തുണിയാണ് വിതരണം ചെയ്യുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.