കോഴിക്കോട്: താമരശേരി ഫ്രഷ് കട്ട് സമരസമിതി ചെയർമാൻ ബാബു കുടുക്കിൽ പത്രിക പിൻവലിക്കില്ല. താമരശേരി പഞ്ചായത്ത് 11ാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും. ബാബു കുടുക്കിലിന്റെ പത്രിക പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നിട്ടില്ലെന്ന് ലീഗ് പ്രാദേശിക നേതൃത്വം അറിയിച്ചു. പ്രചരിക്കുന്നത് അഭ്യൂഹങ്ങളാണെന്നും ലീഗ് പ്രാദേശിക നേതൃത്വം അറിയിച്ചു.
അതേസമയം, ഫ്രഷ് കട്ട് സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ബാബു ഒളിവിലാണ്. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കുടുക്കിൽ ബാബു ഗസറ്റഡ് ഓഫീസർക്ക് മുമ്പിൽ ഹാജരായതായെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ലീഗ് നേതാവിനെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരം ലഭിച്ചത്. തെരഞ്ഞെടുപ്പ് പത്രിക സമർപ്പിക്കാനായി ഗസറ്റഡ് ഓഫീസറുടെ ഒപ്പ് വാങ്ങാൻ ആണ് കുടുക്കിൽ ബാബു കോഴിക്കോട് എത്തിയത്. മുസ്ലിം ലീഗ് താമരശേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റും, നിലവിലെ ജില്ലാ പ്രവര്‍ത്തക സമിതി അംഗവുമായ ഹാഫിസ് റഹ്‌മാനാണ് ഇതിനായി സഹായങ്ങൾ ഒരുക്കിയത്.
ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചാൽ അന്താരാഷ്ട്ര യാത്രക്കാരെ മാത്രമേ പിടികൂടാൻ സാധിക്കുകയുള്ളൂ. ആഭ്യന്തര യാത്രക്കാർക്ക് എമിഗ്രേഷൻ പരിശോധന ഇല്ലാത്തതിനാൽ കണ്ടെത്താൻ കഴിയില്ല. അതിനാൽ നേപ്പാളിൽ എത്തി അവിടെ നിന്നും കരമാർഗം ഇന്ത്യയിൽ വന്ന് ആഭ്യന്തര വിമാനത്തിൽ കോഴിക്കോട് എത്തിയതാവാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.