തോട്ടം തൊഴിലാളികളെ സംഘടിപ്പിക്കാനെത്തി; വണ്ടിപ്പെരിയാര്‍ സ്വന്തം നാടാക്കി മാറ്റിയ വാഴൂര്‍ സോമന്‍

പീരുമേട്ടിലേയും ദേവികുളത്തേയും ഭൂരിപക്ഷം വോട്ടര്‍മാരേയും പേരെടുത്തു വിളിക്കാന്‍ മാത്രമുള്ള അടുപ്പമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്
വാഴൂർ സോമൻ
വാഴൂർ സോമൻ NEWS MALAYALAM 24x7
Published on

കൊച്ചി: ഇടുക്കിയും തൊഴിലാളികളുമായിരുന്നു എന്നും വാഴൂര്‍ സോമന്റെ മണ്ഡലം. കോട്ടയത്തു നിന്ന് തേയില തൊഴിലാളികളെ സംഘടിപ്പിക്കാന്‍ ഇടുക്കിയിലെത്തിയ സോമന്‍ പിന്നീട് വണ്ടിപ്പെരിയാര്‍ സ്വന്തം നാടായി തെരഞ്ഞെടുക്കുകയായിരുന്നു. അപ്പോഴും ജന്മനാടായ വാഴൂരിനോടുള്ള സ്‌നേഹം സ്വന്തം പേരിനൊപ്പം കൊണ്ടുനടന്നു.

വാഴൂര്‍ സോമന്‍ റഷ്യയില്‍ പോയി പഠിച്ചത് കമ്യൂണിസം മാത്രമല്ല, ഡ്രൈവിങ്ങും കൂടിയാണ്. 1986ല്‍ റഷ്യയില്‍ നിന്ന് ഡ്രൈവിങ്ങില്‍ നേടിയ ഡിപ്ലോമയും ഇന്റര്‍നാഷണല്‍ ലൈസന്‍സും ആ ബാഗില്‍ എപ്പോഴും ഒപ്പമുണ്ടായിരുന്നു. വാഴൂരില്‍ നിന്ന് ഇരുപത്തിയഞ്ചാം വയസ്സില്‍ ഇടുക്കിയിലെത്തിയ സോമന്‍ മലനിരകള്‍ താണ്ടാന്‍ ഒപ്പംകൂട്ടിയതാണ് ജീപ്പിനെ. നാലുപതിറ്റാണ്ടിനു ശേഷം 2021ല്‍ ജയിച്ച് എംഎല്‍എയായി തിരുവനന്തപുരത്തേക്കു പോയതും ജീപ്പിലാണ്.

വാഴൂർ സോമൻ
വാഴൂർ സോമൻ എംഎൽഎ അന്തരിച്ചു

ജനനം 1952 സെപ്റ്റംബര്‍ 14ന് കോട്ടയം വാഴൂരില്‍. പിതാവ് കുഞ്ഞുപാപ്പന്‍, മാതാവ് പാര്‍വതി. മറ്റൊരു വാഴൂരുകാരനായ കാനം രാജേന്ദ്രനൊപ്പം എഐഎസ്എഫില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതാണ് സോമന്‍. എഐടിയുസി നേതാവും എംഎല്‍എയുമായ സി.എ. കുര്യനാണ് ഇടുക്കിയുടെ സ്വന്തം സോമനാക്കിയത്. അതോടെ വണ്ടിപ്പെരിയാര്‍ പള്ളിപ്പടിയിലേക്ക് ജീവിതം പറിച്ചുനട്ടു. എഐടിയുസിയുടെ ഇടുക്കിയിലെ നേതാവ് എന്ന നിലയില്‍ നിന്ന് സംസ്ഥാന വൈസ് പ്രസിഡന്റായി. ദേശീയ പ്രവര്‍ത്തക സമിതി അംഗവുമായി. ഇടുക്കി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷനായിരുന്നു. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് വെയര്‍ ഹൗസിങ് കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും വഹിച്ചു.

15 വര്‍ഷം ഇ.എസ് ബിജിമോള്‍ എംഎല്‍എയായിരുന്ന പീരുമേട് 2021ല്‍ സിപിഐക്കു വേണ്ടി നിലനിര്‍ത്താനുള്ള ദൗത്യമായിരുന്നു വാഴൂര്‍ സോമന്. മണ്ഡലം കണ്ട ഏറ്റവും ശക്തമായ മത്സരത്തിലാണ് കോണ്‍ഗ്രസിന്റെ സിറിയക് തോമസിനെ 1835 വോട്ടിന് തോല്‍പ്പിച്ച് നിയമസഭയിലെത്തിയത്. ആ വിജയത്തിന് താങ്ങായത് പതിറ്റാണ്ടുകളായുള്ള തൊഴിലാളി ബന്ധമാണ്. പീരുമേട്ടിലേയും ദേവികുളത്തേയും ഭൂരിപക്ഷം വോട്ടര്‍മാരേയും പേരെടുത്തു വിളിക്കാന്‍ മാത്രമുള്ള അടുപ്പമായിരുന്നു സോമന് ഉണ്ടായിരുന്നത്. ഇടുക്കിയില്‍ തോട്ടം തൊഴിലാളികളെ സംഘടിപ്പിക്കാനെത്തിയവരില്‍ നിന്നു വളര്‍ന്നുവന്ന കരുത്തനായ നേതാവാണ് വിടവാങ്ങുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com