തിരുവനന്തപുരം: കേരളത്തിലെ വന്ദേഭാരത് ട്രെയിനുകളിൽ ഇനി മുതൽ കേരള സ്പെഷ്യൽ വിഭവങ്ങൾ കഴിക്കാം. വന്ദേഭാരത് ട്രെയിനുകളിലെ ഫുഡ് മെനുവിൽ തലശേരി ബിരിയാണി മുതല്‍ നാടന്‍ കോഴിക്കറി വരെ ഉൾപ്പെടുത്തി വൻ പരിഷ്കാരം കൊണ്ടുവന്നിരിക്കുകയാണ് റെയിൽവേ. മുൻപ് നൽകിയിരുന്ന ഉത്തരേന്ത്യൻ മെനു ഒഴിവാക്കിയാണ് പൂർണമായും കേരളീയ വിഭവങ്ങൾ ഉൾപ്പെടുത്തിയ പുതിയ മെനു അവതരിപ്പിച്ചിരിക്കുന്നത്.
തലശേരി വെജ് ബിരിയാണി, ആലപ്പി വെജ് കറി, വരുത്തരച്ച ചിക്കൻ കറി, കേരള ചിക്കൻ കറി, കേരള സ്റ്റൈൽ ചിക്കൻ റോസ്റ്റ്, നാടൻ കോഴി കറി, നാടൻ ഫ്രിട്ടറുകൾ എന്നിങ്ങനെ നീളും വന്ദേഭാരത് ട്രെയിനുകളിലെ ഭക്ഷണ മെനു. ഇനിമുതൽ യാത്രക്കാർക്ക് ട്രെയിനിൽ വൈവിധ്യമാർന്ന ഓപ്ഷനുകൾ ഉണ്ടായിരിക്കും.
തുടർച്ചയായ പരാതികളെ തുടർന്ന് ദക്ഷിണ റെയിൽവേ (എസ്ആർ) കാറ്ററിംഗ് കമ്പനിയുടെ കരാർ റദ്ദാക്കുകയും പുതിയ കാറ്ററിംഗ് സ്ഥാപനങ്ങളെ കൊണ്ടുവരാൻ ഐആർസിടിസിയെ ചുമതലപ്പെടുത്തുകയും ചെയ്തതിനെ തുടർന്നാണ് ഈ നീക്കം. കൊച്ചി ആസ്ഥാനമായുള്ള ബൃന്ദാവൻ ഫുഡ് പ്രോഡക്‌ട്‌സ് ആയിരുന്നു ഇതുവരെ തമിഴ്‌നാട്ടിലും കേരളത്തിലും വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകളിൽ ഭക്ഷണം വിതരണം ചെയ്തിരുന്നത്. ഗുണനിലവാരക്കുറവിനെ കുറിച്ചുള്ള പതിവ് പരാതികളെത്തുടർന്ന് സോണൽ റെയിൽവേ കരാർ റദ്ദാക്കുകയായിരുന്നു. നിലവിൽ, തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് സർവീസിൽ എ.എസ്. സെയിൽ കോർപറേഷനും മംഗളൂരു-തിരുവനന്തപുരം വന്ദേഭാരതിൽ സങ്കൽപ് ക്രിയേഷൻസുമാണ് ഭക്ഷണ വിതരണം നടത്തുന്നത്.