ഡൽഹി: വേഗത കൊണ്ടും, സുഖസൗകര്യങ്ങൾ കൊണ്ടും ഇന്ത്യൻ റെയിൽ വേയുടെ മുഖം മാറ്റിയ ഒന്നായിരുന്നു വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ. ഇപ്പോഴിതാ പുതിയ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് അവതരിപ്പിക്കാൻ തയ്യാറായി കഴിഞ്ഞിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. ദീർഘ ദൂര യാത്രകൾക്കായി കൂടുതൽ സൗകര്യം ഒരുക്കുന്നതായിരിക്കും വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ. ഇതിൻ്റെ ആദ്യ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ്.
ന്യൂഡൽഹിയിൽ നടന്ന 16-ാമത് അന്താരാഷ്ട്ര റെയിൽവേ എക്സിബിഷനിൽ ഇന്തോ-റഷ്യൻ സംയുക്ത സംരംഭമായ കൈനെറ്റ് റെയിൽവേ സൊല്യൂഷൻസ്, വന്ദേ ഭാരത് എക്സ്പ്രസിൻ്റെ ഫസ്റ്റ് എസി കോച്ചിന്റെ മോഡൽ പ്രദർശിപ്പിച്ചു. ആധുനികവും, സൗകര്യപ്രദവും യാത്രക്കാർക്ക് അനുയോജ്യവുമായാണ് പുതിയ വന്ദേ ഭാരതിന്റെ സ്ലീപ്പറിൻ്റെ രൂപകൽപ്പന. ഇതിൻ്റെ ആദ്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് കോണ്ടൻ്റ് ക്രിയേറ്ററായ അക്ഷയ് മൽഹോത്ര.
അതിശയകരം എന്നായിരുന്നു വന്ദേഭാരത് ഇൻ്റീരിയർ കണ്ടതിന് ശേഷമുള്ള അക്ഷയ് മൽഹോത്രയുടെ പ്രതികരണം. 160 കിലോമീറ്റർ പ്രവർത്തന വേഗതയും 180 കിലോമീറ്റർ പരമാവധി വേഗതയുമുള്ള പ്രോട്ടോടൈപ്പാണ് കമ്പനി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഫസ്റ്റ് ക്ലാസ് ക്യാബിൻ വളരെ പ്രീമിയമാണ്. സുഖപ്രദമായ സീറ്റുകൾ, വാട്ടർ ബോട്ടിൽ ഹോൾഡറുകൾ, റീഡിംഗ് ലൈറ്റുകൾ, ചാർജിംഗ് പോയിന്റുകൾ എന്നിവ ക്യാബിനിലുണ്ടെന്നും അക്ഷയ് പറയുന്നു.
ഔദ്യോഗിക ലോഞ്ചിങ്ങിന് മുന്നോടിയായി ട്രെയിൻ സർവീസ് നടത്തുന്ന പ്രധാന റൂട്ടുകൾ, ടിക്കറ്റ് നിരക്ക് എന്നിവ പുറത്തുവന്നിട്ടുണ്ട്. റൂട്ടുകൾ ഇതുവരെ അന്തിമമാക്കിയിട്ടില്ലെങ്കിലും, ഡൽഹിക്കും പട്നയ്ക്കും ഇടയിൽ ട്രെയിൻ ഓടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ട്രെയിൻ രാത്രി 8 മണിക്ക് പട്നയിൽ നിന്ന് പുറപ്പെട്ട് രാവിലെ 7:30 ഓടെ ഡൽഹിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
മിക്ക സ്റ്റേഷനുകളിലും 2 മുതൽ 3 മിനിറ്റ് വരെ സ്റ്റോപ്പുണ്ടാകാൻ ഉണ്ടാകാൻ സാധ്യതയുണ്ട്, എന്നാൽ ഡൽഹി കാന്റ്, ജയ്പൂർ പോലുള്ള തിരക്കേറിയ സ്റ്റേഷനുകളിൽ, ട്രെയിൻ അൽപ്പം കൂടുതൽ സമയം നിർത്തിയേക്കാം.ടിക്കറ്റ് നിരക്കുകൾ പരിശോധിക്കുകയാണെങ്കിൽ, അത് റൂട്ട് അനുസരിച്ച് വ്യത്യാസപ്പെടും. എന്നിരുന്നാലും, രാജധാനി എക്സ്പ്രസിനേക്കാൾ 10–15% കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.