ആലപ്പുഴ: സിപിഐഎമ്മിനോടുള്ള അമർഷം വിടാതെ ജി. സുധാകരൻ. കുട്ടനാട്ടിലെ പാർട്ടി പരിപാടിയിൽ പങ്കെടുക്കില്ല. പരിപാടി അവരു നടത്തിക്കോളുമെന്നും അതിന് തന്റെ ആവശ്യമില്ലല്ലോ എന്നും സുധാകരൻ ചോദിച്ചു. പങ്കെടുക്കുമെന്ന് പറഞ്ഞ ജി. സുധാകരൻ പിന്നീട് നിലപാട് മാറ്റുകയായിരുന്നു. തന്നെ ക്ഷണിച്ചത് പേരിന് വേണ്ടി മാത്രമാണെന്നും, നോട്ടീസ് പോലും കൈ മാറിയില്ലെന്നും സുധാകരൻ വ്യക്തമാക്കി.
നേരത്തേ ജി. സുധാകരനെ അനുനയിപ്പിക്കാൻ സിപിഐഎം നേതൃത്വം ഇടപെട്ടിരുന്നു. സുധാകരനെതിരായ പരസ്യ പ്രതികരണങ്ങൾ പാടില്ലെന്ന് നേതാക്കൾക്ക് നിർദേശം നൽകുകയും, സിപിഐഎം വേദികളിൽ സുധാകരൻ്റെ സാന്നിധ്യം ഉറപ്പാക്കാൻ നീക്കം നടത്തുകയും ചെയ്തു. സിപിഐഎം കേന്ദ്ര കമ്മിറ്റിഅംഗം സി എസ് സുജാത, ജില്ലാ സെക്രട്ടറി ആർ നാസർ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജി സത്യപാലൻ എന്നിവർ ജി സുധാകരന്റെ വീട്ടിൽ എത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.
സൈബർ ആക്രമണങ്ങളിൽ പാർട്ടി എടുത്ത നടപടികൾ നേരിട്ട് അറിയിച്ചിരുന്നു.ശക്തമായ നടപടികൾ സ്വീകരിക്കാത്തതിൽ സുധാകരനും അതൃപ്തി പ്രകടിപ്പിച്ചു. അന്നതന്നെയാണ് കുട്ടനാട് നടക്കുന്ന സിപിഐഎം പൊതു പരിപാടിയിലേക്ക് സുധാകരനെ ക്ഷണിച്ചത്. കെപിസിസി വേദിയിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് സിപിഐഎം മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ സൈബർ ആക്രമണം നേരിട്ടത്. പിന്നാലെ ഇതിന് പിന്നിൽ സജി ചെറിയാൻ ആണെന്ന് സുധാകരൻ തുറന്നടിച്ചു, പാർട്ടിക്ക് ഒപ്പം ചേർന്ന് പോകണമെന്ന സജി ചെറിയാന്റെ പരാമർശമാണ് സുധാകരനെ പ്രകോപിപ്പിച്ചത്.
ആലപ്പുഴയിൽ ജില്ലാ നേതൃത്വവുമായി നിരന്തരം കലഹിക്കുന്ന സുധാകരൻ എച്ച് സലാമിനെയും സജി ചെറിയാനെയും അടക്കം പേരെടുത്ത് വിമർശിച്ചതോടെ സ്ഥിതി രൂക്ഷമായി. സുധാകരൻ്റെയും ആരോപണങ്ങളെ തള്ളി ജില്ലാ സെക്രട്ടറി ആർ നാസറും എച്ച് സലാമും രംഗത്തെത്തി. എന്നാൽ സുധാകരനെ പിണക്കുന്നത് തെരഞ്ഞെടുപ്പ് അടുക്കേ പാർട്ടിക്ക് ദോഷം ചെയ്യുമെന്ന സംസ്ഥാന നേതൃത്വത്തിൻ്റെ വിലയിരുത്തലിന് പിന്നാലെയാണ് അനുനയ നീക്കം നടത്തിയത്. പാർട്ടിക്കും നേതാക്കൾക്കുമെതിരായ പരസ്യപ്രസ്താവനകൾ നിയന്ത്രിക്കണമെന്ന് സുധാകരനോടും നേതൃത്വം ആവശ്യപ്പെട്ടിരുന്നു.