തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ജീവനൊടുക്കിയ വീട്ടമ്മ കോൺഗ്രസ് നേതാവ് ജോസ് ഫ്രാങ്ക്ളിനെതിരെ ആത്മഹത്യാ കുറിപ്പിൽ ഉന്നയിച്ചത് ഗുരുതര വെളിപ്പെടുത്തൽ. ലോൺ നൽകാമെന്ന് പറഞ്ഞ് ഓഫീസിലേക്ക് വിളിച്ചുവരുത്തി സ്വകാര്യ ഭാഗങ്ങളിൽ പിടിച്ചെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് വെളിപ്പെടുത്തൽ. പിന്നീട് നിരന്തരമായി ലൈംഗിക ആവശ്യം അറിയിച്ച് പിന്തുടർന്ന് ശല്യം ചെയ്തതായും കുറിപ്പിൽ പറയുന്നു.
ജോസ് ഫ്രാങ്ക്ളിന് വഴങ്ങിക്കൊടുക്കാതെ ജീവിക്കാൻ സമ്മതിക്കുന്നില്ലെന്ന് വീട്ടമ്മ കുറിപ്പിൽ പറയുന്നു. "ഭർത്താവില്ലാത്ത സ്ത്രീയോട് ഇങ്ങനെ ചെയ്യാമോ, അവൻ എന്നെ ജീവിക്കാൻ സമ്മതിക്കില്ല. എനിക്ക് ഇങ്ങനെ വൃത്തികെട്ട് ജീവിക്കേണ്ട. അതുകൊണ്ട് മരിക്കുന്നു," എന്നാണ് ആത്മഹത്യാ കുറിപ്പിൽ എഴുതിയിരിക്കുന്നത്.
അതേസമയം, വീട്ടമ്മയുടെ മരണത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പ്രതിയെ ഉടനെ അറസ്റ്റ് ചെയ്യുകയെന്നത് എല്ലാ കേസിലും നടക്കില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
നെയ്യാറ്റിൻകരയിൽ അടുപ്പിൽ നിന്ന് തീ പടർന്ന് വീട്ടമ്മ മരിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവിനെതിരെ വെളിപ്പെടുത്തലുമായി മകൻ എത്തിയിരുന്നു. നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ ജോസ് ഫ്രാങ്ക്ളിനിൽ നിന്നും അമ്മയ്ക്ക് ദുരനുഭവം ഉണ്ടായെന്നായിരുന്നു മകൻ പറഞ്ഞത്.