കോട്ടയം: കേരളത്തിൻ്റെ നിയുക്ത മുഖ്യമന്ത്രിയായി വി.ഡി. സതീശനെ ചുമതലപ്പെടുത്തിയതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മുഖ്യമന്ത്രിയാക്കാനുള്ള കീഴ്‌വഴക്കങ്ങൾ ഒന്നും പാലിക്കപ്പെട്ടില്ലെന്നും കോൺഗ്രസ് ലീഗിന് കീഴടങ്ങിയെന്നും സുകുമാരൻ നായർ വിമർശിച്ചു.
മുഖ്യമന്ത്രിയാകാൻ മൂന്നുപേരും യോഗ്യരാണ്. എന്നാൽ മാനദണ്ഡങ്ങൾ വെച്ച് നോക്കുമ്പോൾ രമേശ് ചെന്നിത്തലയാണ് യോഗ്യൻ. വ്യക്തിപരമായി പറഞ്ഞാൽ യോഗ്യൻ ചെന്നിത്തലയാണെന്നും ജി. സുകുമാരൻ നായർ അഭിപ്രായപ്പെട്ടു.
എന്തായാലും കോൺഗ്രസിൻ്റെ തീരുമാനം കഷ്ടമായി പോയി. ജനാധിപത്യ മര്യാദ ഇല്ലാത്ത തീരുമാനമാണ് ഇപ്പോൾ കൈകൊണ്ടത്. ഇത് പറയാൻ ഇത്ര താമസിപ്പിക്കേണ്ട കാര്യം ഇല്ലായിരുന്നു എന്നും ജി. സുകുമാരൻ നായർ വ്യക്തമാക്കി.
മുസ്ലീം ലീഗ് ഉൾപ്പടെയുള്ള ഘടക കക്ഷികൾ സമ്മർദം ചെലുത്തിയത് ശരിയല്ലെന്നും ലീഗ് ഭരണത്തിൽ പിടി മുറുക്കും എന്നതിന് തെളിവാകുന്ന തീരുമാനമാണ് ഇതെന്നും സുകുമാരൻ നായർ ചൂണ്ടിക്കാട്ടി. ജനങ്ങളുടെ അഭിപ്രായം വി.ഡി. സതീശൻ ആണെന്ന് ആരാണ് കൗണ്ട് ചെയ്തത് എന്നും സുകുമാരൻ നായർ ചോദ്യമുന്നയിച്ചു.