
ഗ്യാസ് ഏജന്‍സി ജീവനക്കാരെ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ച് കരിഞ്ചന്തയില്‍ ഗ്യാസ് വില്‍ക്കുന്ന സംഘം. ഇടുക്കി കുമളി മേല്‍വാഴയിലാണ് സംഭവം. സംഭവത്തില്‍ രണ്ട് പേരെ കുമളി പൊലീസ് അറസ്റ്റ് ചെയ്തു. ഗ്യാസ് കണക്ഷന്‍ നല്‍കിയതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കാലാശിച്ചത്.
ജിസ്‌മോനെ തൂണില്‍ കെട്ടിയിട്ട് അതിക്രൂരമായി മര്‍ദിച്ചെന്നാണ് പരാതി. പ്രതീക്ഷ എന്ന ജീവനക്കാരിയെ ചവിട്ടി നിലത്തിടുകയും ക്രൂരമായി മര്‍ദിച്ച് റോഡില്‍ വലിച്ചിഴച്ചതായും പരാതിയില്‍ പറയുന്നു. അണക്കര മേല്‍വാഴയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും മറ്റും ഗ്യാസ് കണക്ഷന്‍ നല്‍കുന്നതിനും മസ്റ്ററിംഗ് പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് ജിസ്‌മോന്‍ സണ്ണി, പ്രതീക്ഷ എന്നിവര്‍ കട്ടപ്പനയില്‍നിന്നുള്ള ഗ്യാസ് ഏജന്‍സിയില്‍നിന്നും എത്തിയത്.
മേല്‍വാഴ പ്രദേശത്ത് വ്യാപകമായി കരിഞ്ചന്തയില്‍ ഗ്യാസ് വില്‍ക്കുന്ന ആളാണ് പാല്‍പാണ്ടിയെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് അറിയിച്ചു. പ്രദേശത്ത് കരിഞ്ചന്തയില്‍ ഗാര്‍ഹിക ഗ്യാസ് വില്‍പ്പന നടത്തുന്ന പാല്‍പ്പാണ്ടി, മകന്‍ അശോകന്‍ മറ്റു കണ്ടാല്‍ അറിയാവുന്ന അഞ്ചുപേര്‍ ചേര്‍ന്നാണു ഗ്യാസ് ഏജന്‍സി ജീവനക്കാരെ എത്തി ക്രൂരമായി മര്‍ദിച്ചത്.
സംഭവത്തെ തുടര്‍ന്ന് പാല്‍പാണ്ടിയെയും മകന്‍ അശോകനെയും പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് അഞ്ചുപേര്‍ക്കായുള്ള തെരച്ചില്‍ നടക്കുന്നുവെന്നും പൊലീസ് അറിയിച്ചു. പരിക്കേറ്റ ജിസ്‌മോനും പ്രതീക്ഷയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.