കൂത്തുപറമ്പ് എംഎൽഎ കെ. പി. മോഹനനെ തടഞ്ഞ 25 പേർക്കെതിരെ കേസ്
കണ്ണൂർ:കൂത്തുപറമ്പ് എംഎൽഎ കെ. പി. മോഹനനെ തടഞ്ഞ സംഭവത്തിൽ 25 പേർക്കെതിരെ കേസ്. സംഭവത്തെ തുടർന്ന് പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു. കരിയാട് അംഗനവാടി ഉദ്ഘാടനത്തിന് എത്തിയതായിരുന്നു എംഎൽഎ കെ.പി. മോഹനൻ. ചൊക്ലി കരിയാട് തണൽ ഡയാലിസിസ് കേന്ദ്രത്തിൽ നിന്നുള്ള മലിനജല പ്രശ്നം കാരണം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്നും അതിനാൽ പ്രദേശത്ത് അംഗനവാടി പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും സമരസമിതി അറിയിക്കുകയായിരുന്നു.
"ഇങ്ങനെ മലിന ജലം വരുന്നിടത്ത് അംഗനവാടി ഉണ്ടാക്കാൻ സമ്മതിക്കില്ല. സ്ഥാപനം ഇന്ന് തുടങ്ങിയാലും കുട്ടികൾ ഇവിടെ വന്ന് പഠിക്കില്ല. മലിന ജലം പിഞ്ചു കുഞ്ഞുങ്ങളുടെ ജീവന് തന്നെ അപകടമാണ്. ഏത് രാഷ്ട്രീയക്കാർ കൂട്ട് നിന്നാലും ഞങ്ങൾ ഇതിന് കൂട്ട് നിൽക്കില്ല. അത് നാടിനോട് ചെയ്യുന്ന വലിയ ദ്രോഹമാണ്," സമരസമിതി പറഞ്ഞു.
സ്വകാര്യ ഡയാലിസിസ് സെന്ററിൽ നിന്നും മലിന ജലം ഒഴുക്കിവിടുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറേ ദിവങ്ങളായി പ്രദേശവാസികൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കിണറിലേക്കുൾപ്പെടെ മലിനജലം ഒഴുകിയെത്തിയതോടെ പലർക്കും വീടൊഴിഞ്ഞ് പോകേണ്ട അവസ്ഥ വരെ ഉണ്ടായി. ഇതുസംബന്ധിച്ച് നിരവധി പരാതികൾ ഇതിനെപ്പറ്റി ഉയർന്നിരുന്നെങ്കിലും വിഷയത്തിൽ എംഎൽഎ യാതൊരുവിധ ഇടപെടലുകളും നടത്തിയിരുന്നില്ല. ഇതിൽ പ്രകോപിതരായ ആളുകളാണ് എംഎൽഎയെ തടഞ്ഞത്.