
അറബിക്കടലില്‍ തീപിടിച്ച ചരക്കുകപ്പലില്‍ നിന്നുള്ള വസ്തുക്കള്‍ ആലപ്പുഴ, കൊച്ചി തീരങ്ങളില്‍ അടിഞ്ഞു. വളഞ്ഞവഴി തീരത്ത് ഗ്യാസ് ടാങ്കറും, ചെല്ലാനം തീരത്ത് വീപ്പയുമാണ് അടിഞ്ഞത്. രണ്ടിടത്തും നാട്ടുകാരും സുരക്ഷാ സേനയും ചേര്‍ന്ന് വസ്തുക്കള്‍ തീരത്ത് സുരക്ഷിതമായി കെട്ടിയിട്ടു. കസ്റ്റംസ് ഉള്‍പ്പടെയുള്ളവരുടെ പരിശോധനയ്ക്ക് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.
അറബിക്കടലില്‍ തീപിടിച്ച വന്‍ഹായ് 503 ചരക്ക് കപ്പലില്‍ നിന്നും കടലില്‍ പതിച്ച കണ്ടൈനറുകളിലെ വസ്തുക്കളാണ് തീരത്ത് അടിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴയിലെ വളഞ്ഞ വഴിയില്‍ തിങ്കളാഴ്ച രാവിലെയോടെയാണ് ഗ്യാസ് ടാങ്കര്‍ തീരത്തടിഞ്ഞത്.
വാതക ടാങ്കറിനുള്ളില്‍ നിലവില്‍ എന്താണ് എന്നത് സംബന്ധിച്ച് ആശങ്ക നിലനില്‍ക്കുന്നുണ്ട്. അതേസമയം ടാങ്കര്‍ ശൂന്യമാണെന്ന് കസ്റ്റംസ് പ്രാഥമിക വിവരം നല്‍കി, വിശദമായ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യം ഉറപ്പിക്കാനാകൂ. വളഞ്ഞവഴി സന്ദര്‍ശിച്ച ജില്ലാ കളക്ടര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അറിയിച്ചു.
പ്രദേശത്ത് സുരക്ഷ ശക്തമാക്കിയ പൊലീസ് പ്രദേശവാസികളോട് മേഖലയില്‍ നിന്നും മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ കൈകാര്യം ചെയ്യുന്ന സാല്‍വേജ് കമ്പനി ടാങ്കര്‍ കൈകാര്യം ചെയ്യുമെന്ന് കളക്ടര്‍ വ്യക്തമാക്കി.
ആലപ്പുഴയ്ക്ക് പിന്നാലെ കൊച്ചി ചെല്ലാനം മാലാഖപ്പടി തീരത്ത് വീപ്പയടിഞ്ഞു. ചരക്ക് കപ്പലില്‍ നിന്നുള്ള വീപ്പയാകാമെന്നും, ആശങ്ക നിലനില്‍ക്കുന്നുവെന്നും പ്രദേശവാസികള്‍. വീപ്പയ്ക്കുള്ളില്‍ അപകടകരമായ വസ്തുക്കള്‍ ഉണ്ടാകില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പൊലീസും നാട്ടുകാരും ചേര്‍ന്ന് വീപ്പ സുരക്ഷിതമാക്കി.
ആലപ്പുഴയില്‍ കഴിഞ്ഞ ദിവസം രാത്രി ലൈഫ് ബോട്ട് കരയ്ക്കടിഞ്ഞിരുന്നു. വന്‍ഹായ് ചരക്ക് കപ്പലില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ നഷ്ടമായ ലൈഫ് ബോട്ടാണ് തീരത്തണഞ്ഞത്.