
തൃശൂർ ചാലക്കുടിയിൽ വൻ തീപിടിത്തം. ചാലക്കുടി നോർത്ത് ജംഗ്ഷനിലെ ഊക്കൻസ് പെയിൻറ് ആന്റ് ഹാർഡ് വെയർ എന്ന സ്ഥാപനത്തിലാണ് തീപിടിത്തം ഉണ്ടായത്. രണ്ടര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി. അഞ്ചു കോടി രൂപയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്ന സംഭവത്തിൽ ഫയർഫോഴ്സും പൊലീസും അന്വേഷണം ആരംഭിച്ചു.
രാവിലെ എട്ടുമണിയോടുകൂടി ജീവനക്കാർ എത്തി ഷോപ്പ് തുറന്നതോടെ മെയിൻ സ്വിച്ചുകൾ ഓണാക്കി. പിന്നാലെ ഗോഡൗണിന്റെ പിറകുഭാഗത്തു നിന്നും പുക ഉയരുകയും തീ ആളിപ്പടരുകയും ആയിരുന്നു. പെയിൻ്റിങ്ങ് സാമഗ്രഹികളും പ്ലൈവുഡുകളും ടൈൽസും അടക്കമുള്ള സാധനങ്ങൾ അതിവേഗമാണ് കത്തിപ്പടർന്നത്. കനത്ത മഴ പെയ്യുമ്പോഴും തീ പടർന്നു പിടിച്ചത് ആശങ്കയായി മാറി.
അപകടങ്ങൾ ഒഴിവാക്കാൻ തൊട്ടടുത്ത സ്ഥാപനങ്ങളിൽ നിന്നും ആളുകളെ പൂർണമായും ഒഴിപ്പിച്ചു. സമീപത്തെ ഗ്യാസ് ഏജൻസിയുടെ ഗോഡൗണിൽ നിന്നും സിലിണ്ടറുകൾ മുഴുവനായി മാറ്റി . ചാലക്കുടി ഫയർ സ്റ്റേഷനിലെ മൂന്ന് യൂണിറ്റുകൾ എത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. തൊട്ടു പിന്നാലെ പെരുമ്പാവൂർ, അങ്കമാലി പുതുക്കാട്, മാള , തൃശൂർ , ഇരിഞ്ഞാലക്കുട തുടങ്ങിയ സ്റ്റേഷനുകളിൽ നിന്നുള്ള യൂണിറ്റുകളും എത്തി. ഒടുവിൽ രണ്ടര മണിക്കൂറോളം നീണ്ട പരിശ്രമത്തിലൂടെയാണ് തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്.
സ്ഥാപനത്തിൽ സൂക്ഷിച്ച പെയിന്റുകൾ അടക്കമുള്ള സാധനങ്ങൾ പൂർണമായും കത്തി നശിച്ചതോടെ പ്രാഥമികമായി 5 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 75 ഓളം ജീവനക്കാർ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ ആളുകൾ എത്തിത്തുടങ്ങും മുൻപ് തീപിടിച്ചതിനാൽ ആളപായം ഒഴിവായി.