സീവറിൽ നിന്ന് ബഹിരാകാശത്തേക്ക്; ഐഎസ്ആർഒയുടെ ടെൻഡർ നേടുന്ന ആദ്യ കേരള സ്റ്റാർട്ടപ്പായി ജെൻറോബോട്ടിക്സ്

ഉപഗ്രഹങ്ങളിൽ റിഫ്ലക്ടർ വിന്യസിക്കാനും അതിൻ്റെ ദിശ ക്രമീകരിക്കാനും ഉപയോഗിക്കുന്ന, ഉയർന്ന കൃത്യതയുള്ള 'ആർട്ടിക്കുലേറ്റഡ് ബൂം ആം സിസ്റ്റം' തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് വികസിപ്പിച്ച് നിർമ്മിക്കുന്നതാണ് പദ്ധതി.
Genrobotics becomes the first Kerala startup to win an ISRO tender
ഐ എസ്ആർഒയുടെ ടെൻഡർ നേടുന്ന ആദ്യ കേരള സ്റ്റാർട്ടപ്പായി ജെൻറോബോട്ടിക്സ്
Published on: 
Updated on: 

തിരുവനന്തപുരം: ഐഎസ്ആർഒയുടെ പ്രധാന ഉപഗ്രഹ കേന്ദ്രമായ യു.ആർ. റാവു സാറ്റലൈറ്റ് സെൻ്ററിൽ നിന്ന് ജെൻറോബോട്ടിക് ഇന്നൊവേഷൻസിന് സുപ്രധാന പദ്ധതി ലഭിച്ചു. ഐഎസ്ആർഒയുടെ റോബോട്ടിക്സ് വികസന ടെൻഡർ നേടുന്ന കേരളത്തിലെ ആദ്യ സ്റ്റാർട്ടപ്പ് എന്ന നേട്ടവും ഇതോടെ കമ്പനി സ്വന്തമാക്കി.

ഉപഗ്രഹങ്ങളിൽ റിഫ്ലക്ടർ വിന്യസിക്കാനും അതിൻ്റെ ദിശ ക്രമീകരിക്കാനും ഉപയോഗിക്കുന്ന, ഉയർന്ന കൃത്യതയുള്ള 'ആർട്ടിക്കുലേറ്റഡ് ബൂം ആം സിസ്റ്റം' തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് വികസിപ്പിച്ച് നിർമ്മിക്കുന്നതാണ് പദ്ധതി. സീവറിൽ നിന്ന് ബഹിരാകാശത്തേക്കുള്ള റോബോട്ടിക്സിൻ്റെ യാത്രയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് കമ്പനി അധികൃതർ പറഞ്ഞു.

Genrobotics becomes the first Kerala startup to win an ISRO tender
രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം: ആർ. ശ്രീലേഖയ്ക്ക് വക്കീൽ നോട്ടീസ്

അപകടകരമായ മാനുവൽ ജോലികൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ 2017-ലാണ് ജെൻറോബോട്ടിക്സ് സ്ഥാപിതമായത്. തോട്ടിപ്പണി അവസാനിപ്പിക്കാനും തൊഴിലാളികളുടെ അന്തസ്സ് വീണ്ടെടുക്കാനും വികസിപ്പിച്ച, ലോകത്തെ ആദ്യ റോബോട്ടിക് സ്കാവഞ്ചറായ 'ബാൻഡികൂട്ട്' ആണ് കമ്പനിയെ ലോകശ്രദ്ധയിലെത്തിച്ചത്. വിഷവാതകവും ഇടുങ്ങിയ സ്ഥലങ്ങളും നാശകാരിയായ സാഹചര്യങ്ങളും നിറഞ്ഞ ഭൂഗർഭ അറകളിൽ പ്രവർത്തിക്കേണ്ടി വന്നത്, കഠിന പരിസ്ഥിതികൾക്കുള്ള ഉൽപ്പന്ന വികസനം, ആക്യുവേറ്റർ നിയന്ത്രണം, മെറ്റീരിയൽസ് എഞ്ചിനീയറിംഗ്, റീഇൻഫോഴ്സ്മെൻ്റ് ലേണിംഗ്, ഫിസിക്കൽ എഐ തുടങ്ങിയ മേഖലകളിൽ ആഴത്തിലുള്ള പ്രാവീണ്യം നേടാൻ സംഘത്തെ സഹായിച്ചു.

പിന്നീട് കമ്പനി ഈ സാങ്കേതികവിദ്യ വിവിധ മേഖലകളിലേക്ക് വ്യാപിപ്പിച്ചു. ഫിസിക്കൽ എഐയും റീഇൻഫോഴ്സ്മെൻ്റ് ലേണിംഗും എല്ലാ റോബോട്ടിക് പ്ലാറ്റ്ഫോമുകളിലും ഉൾപ്പെടുത്തിയതോടെ, സാഹചര്യത്തിനനുസരിച്ച് സ്വയം പൊരുത്തപ്പെടാനും ചലനം മുൻകൂട്ടി കണക്കാക്കാനും കൃത്യമായി നിയന്ത്രിക്കാനും യന്ത്രങ്ങൾക്ക് കഴിഞ്ഞു. ആരോഗ്യരംഗത്ത് 'ജി-ഗെയ്റ്റർ' റോബോട്ടിക് പുനരധിവാസ സംവിധാനവും, ഭാരമേറിയ ജോലികൾക്കും ദുർഘട പ്രദേശങ്ങളിലെ സഞ്ചാരത്തിനുമായി 'ജെൻബോട്ട്' സംവിധാനവും കമ്പനി അവതരിപ്പിച്ചു. പ്രതിരോധം, എണ്ണ-വാതകം, വ്യവസായ മേഖലകളിലും ഇവ ഉപയോഗിക്കുന്നുണ്ട്.

യുഎഇ, ദക്ഷിണാഫ്രിക്ക, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ കമ്പനിക്ക് സാന്നിധ്യമുണ്ട്. ദക്ഷിണാഫ്രിക്കയിലെ പ്രതിരോധ ഏജൻസിയായ ആംസ്കോറുമായി സഹകരിക്കുന്ന കമ്പനി, ദുബായ് സ്പേസ് ഏജൻസി ഉൾപ്പെടെയുള്ള ആഗോള ബഹിരാകാശ സ്ഥാപനങ്ങളുമായും ചർച്ചകൾ നടത്തിവരുന്നു. പുതിയ ബഹിരാകാശ വിഭാഗത്തിനായി തിരുവനന്തപുരം തുമ്പയിലെ കിൻഫ്രയിൽ ആധുനിക സ്പേസ് റോബോട്ടിക്സ് നിർമ്മാണ-ഗവേഷണ കേന്ദ്രം കമ്പനി സ്ഥാപിച്ചിട്ടുണ്ട്. ബഹിരാകാശ ഉപകരണങ്ങളുടെ നിലവാര പരിശോധനയ്ക്കുള്ള ടെസ്റ്റിംഗ് സംവിധാനങ്ങൾ, ക്ലീൻറൂം അസംബ്ലി മേഖലകൾ, എഞ്ചിനീയറിംഗ് ലാബുകൾ എന്നിവ ഇവിടെയുണ്ട്.

യുആർഎസ്‌സി കരാർ പ്രകാരം, ജെൻറോബോട്ടിക്സിൻ്റെ സ്പേസ് & അഡ്വാൻസ്ഡ് റോബോട്ടിക്സ് വിഭാഗം നിർമ്മിക്കുന്ന മൾട്ടി-ലിങ്ക് ബൂം ആം, വിക്ഷേപണ സമയത്തെ കടുത്ത സമ്മർദ്ദം അതിജീവിക്കാനും ഭ്രമണപഥത്തിലെ തെർമോ-വാക്വം, മൈക്രോഗ്രാവിറ്റി സാഹചര്യങ്ങളിൽ സുഗമമായി പ്രവർത്തിക്കാനും കഴിവുള്ളതായിരിക്കും. ബഹിരാകാശത്തെ കമ്യൂണിക്കേഷൻ റിഫ്ലക്ടറുകൾക്കും പേലോഡ് ഉപകരണങ്ങൾക്കും മൈക്രോൺ തലത്തിലുള്ള കൃത്യതയോടെ സ്ഥാനവും ദിശയും ക്രമീകരിക്കാൻ ഇതിന് കഴിയും. "ഭൂമിക്കടിയിലെ ഏറ്റവും ആഴമേറിയതും അപകടം നിറഞ്ഞതുമായ മാൻഹോളുകളിൽ മനുഷ്യജീവൻ രക്ഷിക്കാനും അവരുടെ അന്തസ്സ് വീണ്ടെടുക്കാനുമാണ് ഞങ്ങൾ തുടങ്ങിയതെന്ന് കമ്പനിയുടെ കോ-ഫൗണ്ടറും സിഇഒയുമായ വിമൽ ഗോവിന്ദ് എം.കെ. പറഞ്ഞു.

ഈ നേട്ടം കേരളത്തിലെ ബഹിരാകാശ-വ്യവസായ മേഖലയ്ക്ക് വലിയ മുന്നേറ്റമാണെന്നും, ഇന്ത്യയുടെ വാണിജ്യ ബഹിരാകാശ രംഗത്ത് സംസ്ഥാനത്തിൻ്റെ മുൻനിര സ്ഥാനം ഉറപ്പിക്കുന്നതാണെന്നും കമ്പനി വ്യക്തമാക്കി. ഫ്ലൈറ്റ്-ഗ്രേഡ് ഉപഗ്രഹ സംവിധാനങ്ങൾ നിർമ്മിക്കാനുള്ള അത്യാധുനിക സൗകര്യങ്ങളും ഡീപ് ടെക് ശേഷിയും കേരളത്തിനുണ്ടെന്ന് ഇതിലൂടെ തെളിയിക്കപ്പെടുകയാണ്.

Genrobotics becomes the first Kerala startup to win an ISRO tender
നെല്ലച്ഛൻ യാത്രയായി... ചെറുവയൽ രാമന് ഔദ്യോ​ഗിക ബഹുമതികളോടെ വിട
News Malayalam 24x7
newsmalayalam.com