നെല്ലച്ഛൻ യാത്രയായി... ചെറുവയൽ രാമന് ഔദ്യോ​ഗിക ബഹുമതികളോടെ വിട

ചെറുവയൽ രാമൻ്റെ വിയോ​ഗത്തോടെ പരമ്പരാഗത നെൽവിത്തുകളുടെ കാവൽക്കാരനെയാണ് കാർഷിക കേരളത്തിന് നഷ്ടമായത്
ചെറുവയൽ രാമൻ
Published on: 
Updated on: 

വയനാട്: കേരളത്തിൻ്റെ നെല്ലച്ഛൻ ചെറുവയൽ രാമന് വിട. സംസ്കാരം കുറിച്യ ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ നടന്നു. കമ്മന നവോദയ സ്കൂളിലെ പൊതുദർശനത്തിൽ നിരവധി പേരാണ് അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്. ചെറുവയൽ രാമൻ്റെ വിയോ​ഗത്തോടെ പരമ്പരാഗത നെൽവിത്തുകളുടെ കാവൽക്കാരനെയാണ് കാർഷിക കേരളത്തിന് നഷ്ടമായത്.

വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 74ാം വയസിൽ ആയിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യം. ഇന്നലെ രാത്രിയോടെ തന്നെ അദ്ദേഹത്തിൻ്റെ മൃതശരീരം മാനന്തവാടി കമ്മനയിലെ വസതിയിൽ എത്തിച്ചു. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് ടി. സിദ്ദീഖ് ഉൾപ്പെടെയുള്ള മന്ത്രിമാരും മുൻ മന്ത്രിമാരായ പി. പ്രസാദ്, വി.എസ്. സുനിൽകുമാർ ഉൾപ്പെടെയുള്ള ഇടത് നേതാക്കളും അന്ത്യാഞ്ജലി അർപ്പിക്കാൻ വയനാട്ടിലെത്തി.

ചെറുവയൽ രാമൻ
കലർപ്പില്ലാത്ത മനുഷ്യൻ; കാർഷിക രംഗത്ത് ഇന്ത്യയുടെ ശബ്ദ‌മായ വയനാടൻ ഗോത്രവർഗ കർഷകൻ

മുഖ്യമന്ത്രി വി.ഡി സതീശൻ, പ്രതിപക്ഷനേതാവ് പിണറായി വിജയൻ, വയനാട് എംപി പ്രിയങ്കാ ഗാന്ധി ഉൾപ്പെടെയുള്ളവർ ചെറുവയൽ രാമൻ്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു. തനത് കൃഷിരീതികളും പരമ്പരാഗത ജീവിതശൈലിയും ജീവിതത്തിൽ പകർത്തി മാതൃകയായ കർഷകനാണ് ചെറുവയൽ രാമൻ. ആധുനികതയുടെ ആഡംബരങ്ങളോട് അകലം പാലിച്ച് പ്രകൃതിയോട് ഇണങ്ങി ജീവിച്ച അദ്ദേഹം ഏവർക്കും പ്രചോദനമാണ്. പത്മശ്രീ അടക്കമുള്ള വലിയ അംഗീകാരങ്ങൾ തേടിയെത്തിയപ്പോഴും നെൽവിത്തുകളുടെ സംരക്ഷണമായിരുന്നു അദ്ദേഹത്തിന്റെ വലിയ സമ്പത്ത്.

News Malayalam 24x7
newsmalayalam.com