തിരുവനന്തപുരം: തലസ്ഥാനത്ത് അടച്ചിട്ട വീട് കുത്തി തുറന്ന് മോഷണം. നെയ്യാറ്റിൻകര സ്വദേശി ഷാജു സാമുവലിന്റെ വീട്ടിൽ നിന്ന് 27 പവനും മുപ്പതിനായിരം രൂപയും കവർന്നു. സിസിടിവി ക്യാമറകൾ തുണി ഉപയോഗിച്ച് മൂടിയ ശേഷമായിരുന്നു മോഷണം. പ്രതിക്കായി പാറശാല പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞദിവസം ഷാജു സാമുവലും കുടുംബവും മകളുടെ വീട്ടിലേക്ക് പോയ സമയത്തായിരുന്നു മോഷണം. ബന്ധുവീട്ടിൽ നിന്നും മടങ്ങിയെത്തിയ ഷാജു സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടയാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് സഹോദരനെ വിളിച്ചുവരുത്തി കൂടുതൽ പരിശോധനകൾ നടത്തിയപ്പോഴാണ് വീടിനു പിന്നിലെ വാതിൽ തകർത്ത നിലയിൽ കണ്ടത്.
വീട്ടിലെ സിസിടിവി ക്യാമറകളിൽ ചിലത് തുണി ഉപയോഗിച്ച് മൂടിയ നിലയിലായിരുന്നു. മറ്റ് ക്യാമറകൾ പൂർണ്ണമായും നശിപ്പിച്ചിരുന്നു. വീട്ടിൽ നിന്നും 27 പവൻ സ്വർണവും മുപ്പതിനായിരം രൂപയും മോഷണം പോയതായി വീട്ടുടമ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മോഷണശേഷം സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ സൂക്ഷിക്കുന്ന ഡി വി ആറും നഷ്ടപ്പെട്ടു.