തിരുവനന്തപുരം: വെഞ്ഞാറമൂട് ഗണപതിപുരം സ്വദേശി വൈദേഹിക്ക് ഡാൻസ് മാത്രമല്ല, കരാട്ടെയും കൂടി കൈവശമുണ്ട്. വിജിയുടെയും വിനുവിൻ്റെയും മകളായ വൈദേഹി ഇപ്പോൾ ആലന്തറ യുപി സ്കൂളിലെ വിദ്യാർഥിയാണ്.
മൂന്നര വയസ് തൊട്ട് പാട്ട് കേട്ടാൽ വൈദേഹിയുടെ ഡാൻസ് കളിക്കുമായിരുന്നു. ടിവിയിലെ പാട്ട് തൊട്ട് ഫോണിൻ്റെ റിങ്ടോണിന് വരെ ചുവടുവെയ്ക്കുന്നത് കണ്ട് അമ്മ വിജി മകളെ ക്ലാസിക്കൽ ഡാൻസ് പഠിക്കാൻ കൊണ്ടുവിട്ടു. ഒരാഴ്ച പോയതിന് പിന്നാലെ വേണ്ടെന്നു പറഞ്ഞു നിർത്തുകയായിരുന്നു. പിന്നീടാണ് മകൾക്ക് ക്ലാസിക്കൽ ഡാൻസിനോട് അല്ല സിനിമാറ്റിക്ക് ഡാൻസിനോടാണ് ഇഷ്ടം എന്ന് മനസിലായത് എന്ന് വൈദേഹിയുടെ അമ്മ പറഞ്ഞു.
ഡാൻസിനൊപ്പം കരാട്ടെയും പഠിക്കുന്ന വൈദേഹിയെ കുറിച്ച് മാസ്റ്റർ സമ്പത്തിനും നല്ല അഭിപ്രായമാണ് ഉള്ളത്. ഫിസിക്കൽ മൂവ്മെൻ്റ് കണ്ടാൽ തന്നെ അവൾ അത് പെട്ടെന്ന് പഠിക്കും. സാധാരണ ആദ്യമായി ക്ലാസ്സിൽ വരുന്ന ചെറിയ കുട്ടികളൊക്കെ മടിച്ചു നിൽക്കാറാണ് പതിവ് പക്ഷേ വൈദേഹി വളരെ ആക്ടീവാണ്.
അവൾ പ്രായത്തിനപ്പുറം പെർഫോം ചെയ്യുമെന്നും മാസ്റ്റർ പറഞ്ഞു. നല്ലോണം പ്രാക്ടീസ് ചെയ്താൽ ചാമ്പ്യൻ ആവാം എന്നാണ് വൈദേഹി പറയുന്നത്. രണ്ടുവർഷമായി കരാട്ടെ പരിശീലിക്കുന്ന വൈദേഹി ഇതുവരെ നിരവധി മത്സരങ്ങൾ ജയിച്ചു.നഷ്ടമായത് ഒരു ഗോൾഡ് മെഡൽ മാത്രമാണന്നാണ് മാസ്റ്റർ സമ്പത്ത് വ്യക്തമാക്കി.
ഒരു ഐപിഎസ് ആവണം എന്നാണ് മകളുടെ ആഗ്രഹമെന്നും അമ്മ പറഞ്ഞു. സ്വന്തമാക്കിയതിൻ്റെ വലിപ്പം പോലും മനസ്സിലാവാത്ത പ്രായത്തിൽ ഒരു കൈയിൽ ഡാൻസും മറുകൈയിൽ കറാട്ടെയുംമായി വൈദേഹി എന്ന കൊച്ചു മിടുക്കി നാടിന് അഭിമാനമാവുകയാണ്.